പൊതുവിദ്യാലയത്തില്‍ അധ്യാപകരുടെ ശമ്പളം, കെട്ടിടനിര്‍മാണച്ചെലവ്, സൗജന്യ പാഠപുസ്തകം, യൂണിഫോം എന്നിങ്ങനെ ഒരു കുട്ടിക്ക് വര്‍ഷം അമ്പതിനായിരം രൂപ സര്‍ക്കാര്‍ ചെലവാക്കുന്നുണ്ട്. അപ്പോള്‍ പുതുതായിവന്ന പത്തുലക്ഷം കുട്ടികളെ പഠിപ്പിക്കാന്‍ വര്‍ഷം സര്‍ക്കാര്‍ അധികം ചെലവാക്കേണ്ടത് എത്ര? അയ്യായിരം കോടിരൂപ! അതിന് പെട്രോളിനും ഡീസലിനും സെസ് ചുമത്തുകയല്ലാതെ മറ്റെന്തുമാര്‍ഗം? -ജലീല്‍ ചോദിക്കുന്നു.

.കേരളത്തില്‍ നിന്നും പോയിട്ടുള്ള ഇരുപത് എംപിമാര്‍ കേന്ദ്രത്തില്‍ ഉറങ്ങാനാണോ സാര്‍ പോയത്. കൂട്ടത്തില്‍ ഇടതുപക്ഷത്തെ ഒരു എംപി കൂടി ഉണ്ടെന്ന കാര്യം മറന്നാണ് നിയമസഭയില്‍ മുന്‍ മന്ത്രി കെ.ടി .ജലീല്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം ഉന്നയിച്ചത്. സാര്‍..കേന്ദ്രം കേരളത്തെ അവഗണിക്കുമ്പോള്‍ എംപിമാര്‍ നിശബദ്ധത പാലിക്കുന്നുവെന്നാണ് സഭയിലെ ഇടതുപക്ഷ അംഗങ്ങളുടെ ആരോപണം. ഇന്ധന സെസ് ഉള്‍പ്പടെ വിലക്കയറ്റം വര്‍ദ്ധിപ്പിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പടപൊരുതാനിറങ്ങിയ പ്രതിപക്ഷാംഗങ്ങളുടെ വായ മൂടി കെട്ടാനായി പതിനെട്ടടവും പയറ്റിയിട്ടും നിവൃത്തിയില്ലാതെ വന്നപ്പോഴാണ് എംപിമാരുടെ മെക്കിട്ട് കേറല്‍ ആരംഭിച്ചത്.
ഇന്ധന സെസ് പിന്‍വലിക്കാന്‍ സഭാകവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എ.മാരുടെ സത്യാഗ്രഹം തുടരുന്നു. സഭയ്ക്കുള്ളില്‍ ബജറ്റ് ചര്‍ച്ചയും. സെസിനെ ന്യായീകരിക്കാനുള്ള ശകലങ്ങള്‍ അടങ്ങിയ കാപ്സ്യൂളുകള്‍ ഭരണപക്ഷത്ത് വ്യാപകമായി വിതരണം ചെയ്തിരുന്നു. ഭൂരിഭാഗം പേര്‍ക്കും കിട്ടിയത് കേന്ദ്രവിരുദ്ധ, ധനകാര്യ കമ്മിഷന്‍ വിരുദ്ധ കാപ്സ്യൂളാണ്. 15-ാം ധനകാര്യ കമ്മിഷന്‍ കേരളത്തിന്റെ വിഹിതമായി വെറും 1.925 ശതമാനം മാത്രം അനുവദിച്ചപ്പോള്‍ അസമിന് 3.8-ഉം ഒഡിഷയ്ക്ക് 4.42-ഉം യോഗിയുടെ യു.പി.ക്ക് 19.12 ശതമാനവും ഒക്കെ അനുവദിച്ചില്ലേ സാര്‍, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചിട്ട് ഇവിടെനിന്നുള്ള എം.പി.മാര്‍ വായ തുറന്നോ സാര്‍... എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു.
പക്ഷേ, വ്യത്യസ്തനായ ഡോ. കെ.ടി. ജലീലാകട്ടെ പതിവ് ശൈലിയില്‍ നിന്ന മാറിയതേയില്ല. എന്നും പിണറായി താങ്ങുകാരനായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ജലീലിന് എന്ത് സെസ്, എന്ത് വിലകൂടല്‍. പിണറായിയെ താങ്ങി നിന്നാല്‍ ജലീലിന് എന്തുമാകാമെന്നറിയാം. ബാലഗോപാലിനേക്കാള്‍ ജലീല്‍ കണക്കുകള്‍ കൊണ്ട് അമ്മാനമാടുന്നത് കണ്ടിട്ട് ബാലഗോപാലിനെ മാറ്റി പകരം ആ സ്ഥാനം കെ.ടി.ജലീലിന് നല്കുമോയെന്നാണ് ഇനി അറിയേണ്ടത്. ഇന്ധന സെസ് കൂട്ടിയത് വര്‍ഷം 11,000 കോടി രൂപ സാമൂഹികസുരക്ഷാ പെന്‍ഷന്‍ നല്‍കാനാണെന്നും അതിനല്ലാതെ മറ്റൊന്നിനും ആ പണം എടുക്കില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ ആണയിടുന്നുണ്ട്. എന്നാല്‍, ജലീലിന്റേത് മറ്റൊരു ഭാഷ്യം. സഖാവ് പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായശേഷം പൊതുവിദ്യാലയങ്ങളില്‍ പത്തുലക്ഷം കുട്ടികള്‍ അധികം ചേര്‍ന്നിട്ടുണ്ട്.
പൊതുവിദ്യാലയത്തില്‍ അധ്യാപകരുടെ ശമ്പളം, കെട്ടിടനിര്‍മാണച്ചെലവ്, സൗജന്യ പാഠപുസ്തകം, യൂണിഫോം എന്നിങ്ങനെ ഒരു കുട്ടിക്ക് വര്‍ഷം അമ്പതിനായിരം രൂപ സര്‍ക്കാര്‍ ചെലവാക്കുന്നുണ്ട്. അപ്പോള്‍ പുതുതായിവന്ന പത്തുലക്ഷം കുട്ടികളെ പഠിപ്പിക്കാന്‍ വര്‍ഷം സര്‍ക്കാര്‍ അധികം ചെലവാക്കേണ്ടത് എത്ര? അയ്യായിരം കോടിരൂപ! അതിന് പെട്രോളിനും ഡീസലിനും സെസ് ചുമത്തുകയല്ലാതെ മറ്റെന്തുമാര്‍ഗം? -ജലീല്‍ ചോദിക്കുന്നു. അല്ലാതെ, ഇതൊന്നും ധനമന്ത്രിക്ക് വീട്ടില്‍ക്കൊണ്ടുപോകാനല്ല. ഈ കണക്കുകേട്ട് ധനമന്ത്രിയും അന്ധാളിച്ച് മേപ്പോട്ട് നോക്കി നിന്നു. ബജറ്റ് തയ്യാറാക്കുന്ന അവസരത്തില്‍ താന്‍ പോലും കാണാത്ത കാര്യങ്ങള്‍ കണ്ട ജലീലിനെ അടുത്ത ധനമന്ത്രിയാക്കുമോയെന്നതാണ് സഭയുടെ സംശയം.
ഇരന്നുതിന്നുന്നവനെ തുരന്നുതിന്നുന്ന ബജറ്റാണിതെന്ന നിഷ്ഠുരവിമര്‍ശനമാണ് മാണി സി. കാപ്പന്‍ നടത്തിയത്. പൊതുബോധത്തിലാണ് ഡി.കെ. മുരളിയുടെ പിടി. എല്‍.ഡി.എഫിന് അനുകൂലമായി ജനങ്ങളുടെ ഇടയിലുള്ള പൊതുബോധം ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മുരളി ഉറച്ചുവിശ്വസിക്കുന്നു. ഇതാണ് ബദല്‍, ജനകീയ ബദല്‍ എന്നാണ് പി.എസ്. സുപാല്‍ പറയുന്നത്. മലയാളിയെ തൊടാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രതിരോധമാണ് ഇതെന്നായി കെ.വി. സുമേഷ്. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഇടിവെട്ടേറ്റവന് പാമ്പ്കടിയല്ല,. കേന്ദ്രത്തിന്റെ ഒരു കടിയും കേരളത്തിലെ ജനങ്ങള്‍ക്ക് ഏല്‍ക്കില്ലെന്ന പ്രഖ്യാപനമാണ് ബജറ്റെന്നാണ് സുമേഷിന്റെ പക്ഷം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നികുതി വര്‍ദ്ധിച്ചപ്പോള്‍ നികുതി നല്കരുതെന്ന് അണികളോട് ആഹ്വാനം ചെയ്ത പിണറായി വിജയനാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെന്ന കാര്യം സഭയില്‍ കൂടെകൂടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എം. മുകേഷിന് 'രാഷ്ട്രീയം' ഏതാണ്ട് മടുത്തപോലുണ്ട്. കലയ്ക്കും സാഹിത്യത്തിനും മാത്രമേ ലോകത്ത് വിപ്ലവം സൃഷ്ടിക്കാനാവൂ എന്നാണ് അദ്ദേഹത്തിന്റെ തിരിച്ചറിവ്. ടോള്‍സ്റ്റോയിയുടെ കൃതികള്‍മുതല്‍ ഷാരൂഖ് ഖാന്റെ പഠാന്‍ സിനിമവരെ അതിനുദാഹരണം. രാജ്യത്ത് കലാസാഹിത്യ വിപ്ലവം ഉടന്‍ വരുമെന്നാണ് മുകേഷിന്റെ പ്രവചനം. മദിച്ചുനടന്ന കൊമ്പന്‍ പി.ടി. സെവനെ ഇതിനിടയിലും എന്‍.കെ. അക്ബര്‍ ഓര്‍ത്തു. ബി.ജെ.പി. ആകുന്ന പി.ടി. സെവന്‍ മദയാനയെ മെരുക്കി ധോണിയാക്കാന്‍ യു.ഡി.എഫ്. ഒരു കുങ്കിയാനയായി സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
നടന്‍ കൂടിയായ മുകേഷ് സഭയില്‍ 'സ്‌ക്രീന്‍ റവല്യുഷന്‍' എന്നു പറയുമ്പോള്‍ വെള്ളിത്തിരയിലെ വിപ്ലവമാണു വിഷയം എന്നേ ആരും കരുതൂ. സംഗതി അതല്ല. അഹമ്മദാബാദിലൂടെ യുഎസ് പ്രസിഡന്റ് പോയപ്പോള്‍ റോഡരികിലെ ചേരികള്‍ മറയ്ക്കാന്‍ സ്‌ക്രീന്‍ ഉയര്‍ത്തിയതിനു മുകേഷിട്ട പേരാണ്. ഇതെല്ലാം ചെയ്യുന്ന കേന്ദ്രത്തിനെതിരെ മറ്റൊരു 'സ്‌ക്രീന്‍ റവല്യുഷന്‍' സംഭവിക്കുകയാണെന്നു പിന്നാലെ അദ്ദേഹം അറിയിച്ചു. തകര്‍ത്തോടുന്ന ഷാരൂഖ് ഖാന്റെ 'പത്താന്‍' സിനിമയാണത്. ആ സിനിമയെ ചൊറിയാന്‍ നോക്കിയ സംഘ് പരിവാറിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയായി മുകേഷ് അതിനെ കാണുന്നു. ഇന്ധന സെസ് വകവയ്ക്കാതെ തിയറ്ററിലേക്ക് ഓടി സിനിമ വിജയിപ്പിക്കണമെന്നു കൂടി മുകേഷ് പറഞ്ഞില്ല.വിക്കയറ്റ ചര്‍ച്ചയെ സിനിമയിലേക്കെത്തിച്ച് മുകേഷും പിണറായി വിധേയത്വം കാട്ടി.
സെസിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തോടു ദൈവം പൊറുക്കില്ലെന്നു തോമസ് കെ.തോമസിന് ഉറപ്പുണ്ട്. പിണറായി വിജയനും കെ. എന്‍. ബാലഗോപാലിനും ജനങ്ങളെ സേവിക്കാന്‍ കഴിവുനല്‍കുന്നതു ദൈവമായതു കൊണ്ട് ആ ദൈവത്തിനു നിരക്കാത്ത പണി പ്രതിപക്ഷം ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ ഗീര്‍വാണം. സില്‍വര്‍ലൈനിനെ പറ്റി ഒരക്ഷരം പോലും മിണ്ടാത്ത ബജറ്റ്, മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫിന് തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി ബജറ്റാണ്. കണ്ണൂരിന് അപ്പുറത്തേക്കു ബജറ്റ് പോയിട്ടില്ല. കാസര്‍കോട് കേരളത്തിന്റെ ഭൂപടത്തില്‍ ഇല്ലേ? വൈകാരികമായി അഷ്‌റഫ് ചോദ്യം ഉന്നയിച്ചു.
കേന്ദ്രമല്ല, തോമസ് ഐസക്കിന്റെ കിഫ്ബിയാണ് കെ.എന്‍.ബാലഗോപാലിനെ ഈ കെണിയില്‍ പെടുത്തിയതെന്ന അഭിപ്രായം കെ.പി.എ.മജീദിനുണ്ട്. അന്നത്തെ പ്രതിപക്ഷത്തിന്റെ തലയിലിരിക്കുമെന്നു കരുതി ഐസക് നടത്തിയ വളയമില്ലാച്ചാട്ടം വരുത്തിയ വിനയാണിതെന്നു ചൂണ്ടിക്കാട്ടി എ.പി.അനില്‍കുമാറും അതു ശരിവച്ചു. ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞതെല്ലാം അതേപടി വിഴുങ്ങാന്‍ കെ.ടി.ജലീലിനെ കിട്ടില്ല. സാമൂഹിക ക്ഷേമ പെന്‍ഷനു വേണ്ടിയാണു സെസ് എന്നു ബജറ്റില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും ജലീലിന് ആ സെസ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വേണ്ടിയാണ്. അപ്പോള്‍ സാമൂഹിക പെന്‍ഷന്‍? അത് ഭൂമിയുടെ ന്യായവില വര്‍ധനയിലൂടെ 'ജലീല്‍ കണ്ടെത്തും'. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 'രണ്ടര വര്‍ഷം' പെന്‍ഷന്‍ മുടക്കിയെന്ന ആക്ഷേപം പി.സി. വിഷ്ണുനാഥ് എതിര്‍ത്തതോടെ തൊട്ടടുത്ത സെക്കന്‍ഡില്‍ 'ഒന്നര വര്‍ഷ'മായി ജലീല്‍ കുറച്ചു.
പ്രസംഗം പ്രതിപക്ഷം ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടിയുള്ള ജലീലിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നു പിശക് കണ്ടെത്തല്‍. വീണ്ടും ധനമന്ത്രിയുടെ ശ്രദ്ധ കെ.ടി.ജലീലിലേയ്ക്ക എത്തിയന്തെും ശ്രദ്ധേയമാണ് .ബജറ്റ് ചര്‍ച്ചയ്ക്കുള്ള ധനമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ സെസ് കുറയ്ക്കുമോ എന്നതാണ് സഭയെ പൊതിഞ്ഞു നിന്ന ചോദ്യം. സെസിനെ പ്രതിരോധിക്കാനും കേന്ദ്രത്തിനും മുന്‍ യുഡിഎഫ് സര്‍ക്കാരിനും എതിരെ അമ്പെയ്യാനും കാട്ടുന്ന വ്യഗ്രത സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന സൂചനയാണു നല്‍കിയത്. എന്നാല്‍ കേന്ദ്രത്തെ തെറി പറയുകയെന്ന സ്ഥിരം പല്ലവിയില്‍ നിന്ന് പ്രതിപക്ഷാംഗങ്ങളാരും പിന്നോട്ട പോയിട്ടില്ല. എന്നാല്‍ സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാരെ സ്പീക്കര്‍ എന്‍.എം.ഷംസീര്‍ സന്ദര്‍ശിക്കുകയും ചെയ്തു. സെസ് കുറയ്ക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമെയെന്നറിയാന്‍ കാത്തിരിക്കുകയാണ് പൊതുജനം. എന്നാല്‍ കെ.ടി.ജലീലിന്റെ പിണറായി ഭക്തി ധനകാര്യ മന്ത്രി കസേരയിലേയ്ക്കുള്ള നടന്നു കയറ്റമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha