ലഹരിയില്‍ മയങ്ങുന്ന കേരളം: ഗുണ്ടകളുടെ താവളമായി കേരളം :- ഞെട്ടിക്കുന്ന പട്ടികയുമായി പോലീസും എക്‌സൈസ് വകുപ്പും

പോലീസ് ഗുണ്ടാ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ എക്സൈസ് വകുപ്പും പുറത്തുവിട്ടു. സംസ്ഥാനത്ത് 557 പേരെക്കൂടി പുതുതായി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പോലീസിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ ഗുണ്ടകളുടെ എണ്ണം 2750 ആയി. തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെയാണ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുണ്ടാലിസ്റ്റിൽ വരാത്ത ഗുണ്ടകൾ വേറെയുമുണ്ട് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും അധികം ഗുണ്ടകളുള്ളത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് ഗുണ്ടകളുള്ളത്.
ഇതിനോടൊപ്പം തന്നെ കേരളത്തില്‍ മയക്കുമരുന്ന് കച്ചവടയും തകൃതിയായി തന്നെ നടക്കുന്നുണ്ട് . പിടിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ അളവിലെ വര്‍ദ്ധന, വില്‍പ്പനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന, വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയിലെ അതിവേഗവ്യാപനം എന്നിവയാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ മയക്കുമരുന്ന് മുഖ്യകണ്ണിയായി മാറുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സമീപകാലത്തു കേരളത്തിലുണ്ടായ നിരവധി ആക്രമണങ്ങളില്‍ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധവും കാരണമായിട്ടുണ്ട്. പ്രണയനൈരാശ്യത്തിന്റെ പകതീര്‍ക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഉള്‍പ്പെടെ മയക്കുമരുന്നിന്റെ പങ്ക് പുറത്തുവരുന്നുണ്ട്
മയക്കുമരുന്നും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള ബന്ധം പലവിധത്തില്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഗുണ്ടകളെ പൂട്ടാൻ പോലീസ് കച്ചകെട്ടിയിറങ്ങിയതോടെയാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത് . ഇപ്പോൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത ആളുകളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുതന്നെ പോലീസിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ ഗുണ്ടകളുടെ എണ്ണം 2750 ആയി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും അധികം ഗുണ്ടകളുള്ളത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് ഗുണ്ടകളുള്ളത്.
നിലവിൽ ഗുണ്ടാ ലിസ്റ്റിലുള്ള 701 പേർക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. കാപ്പ ചുമത്തിയവരെ തടവിൽ വെക്കാനോ നാടുകടത്താനോ ആണ് പോലീസിന്റെ ശ്രമം. ഇതിനോടൊപ്പം നിൽക്കുന്നത് ആണ് സംസ്ഥാനത്തെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കേസുകള്‍.. ഇതനുസരിച്ച് 2,434 മയക്കുമരുന്ന് ഇടപാടുകാരുടെ പേരുകളാണ് പോലീസിന്റെ പട്ടികയിൽ ഉള്ളത് .മയക്കുമരുന്നിന് അടിമകളാക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതും അവര്‍ മയക്കുമരുന്നു വാഹകരായി മാറുന്നതും വ്യക്തമാക്കുന്ന കേസുകളേറെ. എന്തുതരം ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത സംഘങ്ങള്‍ ഇവരിലൂടെ രൂപപ്പെടുന്നു എന്നതും ഇതിനെക്കുറിച്ച് അറിയാവുന്നവരുടെ ഉറക്കംകെടുത്തുന്നു. മയക്കുമരുന്നുകള്‍ അത്രമേല്‍ അവരുടെ തലച്ചോറിനെ സ്വാധീനിക്കുന്നു എന്നത് വെറും നിരീക്ഷണമല്ല; മനോരോഗ വിദഗ്ദ്ധരുടെ കണ്ടെത്തലാണ്. പൊലീസും സൈക്യാട്രിസ്റ്റുകളും ഒരുപോലെ ഇതു ചൂണ്ടിക്കാട്ടുന്നു.
ഇതെല്ലം കണക്കിലെടുത്തു ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക്പ്രതിരോധ തടങ്കല്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ മയക്കുമരുന്ന് വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ ഇവരെ നിരന്തരം നിരീക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, എന്‍ഡിപിഎസ് കേസുകളില്‍ അറസ്റ്റിലായവരില്‍ നിന്നും ജയില്‍ മോചിതരായവരില്‍ നിന്നും ഇനി മയക്കുമരുന്ന് വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന രേഖാമൂലമുള്ള കരാറും വാങ്ങും.
412 മയക്കുമരുന്ന് ഇടപാടുകാർ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 376 പേരുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്താണ്. പാലക്കാട് 316, തൃശ്ശൂര്‍ 302, ഇടുക്കി 161, ആലപ്പുഴ 155, കോട്ടയം 151, മലപ്പുറത്ത് 130, തിരുവനന്തപുരം 117, കോഴിക്കോട് 109, വയനാട് 70, കൊല്ലം- പത്തനംതിട്ട എന്നീ ജില്ലകളിലായി 62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ഇതില്‍ ഏറ്റവും കുറവ് മയക്കു മരുന്ന് ഇടപാടുകാരുള്ളത് കാസര്‍ഗോഡാണ്, 11 പേരാണ് ഇവിടെ നിന്ന് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഒന്നിലധികം മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെ പ്രതിരോധ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം ആഭ്യന്തര വകുപ്പിന് അയച്ചിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളുടെ എണ്ണം 2020, 2021 വര്‍ഷങ്ങളെ അപേക്ഷിച്ച് 2022 ല്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. 2021ല്‍ 3,922 ഉം 2020-ല്‍ 3,667 ഉം കേസുകൾ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022-ല്‍ 6,116 എന്‍ഡിപിഎസ് കേസുകളാണ് എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2018ലാണ്, 7,573 കേസുകളായിരുന്നു.
2022-ല്‍ എറണാകുളം ജില്ലയില്‍ എന്‍ഡിപിഎസ് കേസുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 804 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2021-ല്‍ ഇത് 540 ആയിരുന്നു. എറണാകുളത്ത് എക്‌സൈസ് വകുപ്പിനെ ആശങ്കപ്പെടുത്തുന്നത് എം.ഡി.എം.എ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ വര്‍ദ്ധനവാണ്. കഴിഞ്ഞ വര്‍ഷം 2.31 കിലോ മയക്കുമരുന്നാണ് ഏജന്‍സി ജില്ലയില്‍ നിന്ന് പിടികൂടിയത്.
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു.
യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സിനിമ, സീരിയൽ, സ്‌പോർട്‌സ് മേഖലയിലെ പ്രമുഖർ. മാധ്യമങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികളെയും സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ബോധവൽക്കരണ ക്യാമ്പുകൾ നടത്തി മയക്കു മരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സമൂഹത്തിനെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരണം .. ഇതിനായി NCC, SPC, NSS, സ്‌കൗട്ട് ആൻറ് ഗൈഡ്‌സ്, JRC, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെയും ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും .. സമൂഹം ഉണർന്നാൽ മാത്രമേ ഈ നീരാളിപ്പിടുത്തത്തിൽ നിന്ന് നമ്മുടെ യുവ തലമുറയെ രക്ഷിക്കാനാകൂ
https://www.facebook.com/Malayalivartha