ഇനിയാണ് തരൂരിന്റെ കുതിപ്പ്... ശശി തരൂരിനെ എഴുതിത്തള്ളിയ കേരള നേതാക്കള്‍ക്ക് തെറ്റി; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂരും; പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകള്‍ക്കിടെ പ്ലീനറി സമ്മേളനത്തില്‍ പ്രധാന ചുമതല

ശശി തരൂര്‍ കേരളത്തില്‍ സജീവമായതോടെ അടുത്ത മുഖ്യമന്ത്രി എന്ന തരത്തില്‍ വലിയ പ്രചരണമാണ് ലഭിച്ചത്. ഇതോടെ കേരള നേതാക്കളുടെ കണ്ണിലെ കരടായി മാറി. ഇതോടെ ദേശീയ തലത്തിലും തരൂരിനെതിരെ നേതാക്കള്‍ രംഗത്ത് വരാനിരിക്കുകയാണ്. എന്നാല്‍ തരൂരിന് അപ്രതീക്ഷിത മേല്‍കൈ. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂരും.
പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകള്‍ക്കിടെയാണ് പ്ലീനറി സമ്മേളനത്തില്‍ ചുമതല നല്‍കിയിരിക്കുന്നത്. വര്‍ക്കിംഗ് കമ്മിറ്റി പ്രവേശത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇനിയും അന്തിമ നിലപാടില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ട സംസ്ഥാനത്തെ പര്യടനവും തരൂരിനെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിയിരുന്നു.
പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവില്‍ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. രമേശ് ചെന്നിത്തലയും ഈ സമിതിയില്‍ അംഗമാണ്. പ്ലീനറി സമ്മേളനത്തിലൂടെ പാര്‍ട്ടി ഉടച്ച് വാര്‍ക്കപ്പെടുമ്പോള്‍ തരൂര്‍ എങ്ങനെ പരിഗണിക്കപ്പടുമെന്നത് പ്രധാനമാണ്. തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള ചില എംപിമാര്‍ നേതൃത്വത്തോടാവശ്യപ്പെട്ടിട്ടുണ്ട്.
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ തരൂര്‍ പിന്മാറാനാണ് സാധ്യത. അങ്ങനെയെങ്കില്‍ നിര്‍ണ്ണാകമായ നീക്കങ്ങളിലേക്ക് തരൂര്‍ കടന്നേക്കും. തരൂര്‍ പുറത്ത് വന്നാല്‍ സ്വീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള ചില പാര്‍ട്ടികള്‍ തയ്യാറുമാണ്. തരൂരിനെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വത്തിന്റെ മുന്‍പിലുണ്ടെങ്കിലും ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം. ഒഴിവാക്കിയാലുണ്ടാകാവുന്ന തിരിച്ചടികളെ കുറിച്ച് നേതൃത്വത്തിനും ബോധ്യമുണ്ട്. അതേസമയം പ്ലീനറി സമ്മേളനത്തില്‍ സഹകരിപ്പിക്കാനുള്ള തീരുമാനം അനുകൂല നീക്കമായാണ് തരൂര്‍ ക്യാമ്പ് വിലയിരുത്തുന്നത്.
അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കൂടിക്കാഴ്ച നടത്തി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഫെബ്രുവരി 24ന് ആരംഭിക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനു മുന്നോടിയായാണ് കൂടിക്കാഴ്ച.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പും പ്ലീനറി യോഗത്തോട് അനുബന്ധിച്ച് നടക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ടെന്നും ഖാര്‍ഗെയുമായി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചുവെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
അതേസമയം പി.ടി. തോമസിനോട് കോണ്‍ഗ്രസ് പാര്‍ട്ടി അന്യായം കാണിച്ചുവെന്ന് ശശി തരൂര്‍ ഇന്നലെ പറഞ്ഞു. അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും പാര്‍ട്ടി സീറ്റ് കൊടുക്കാതിരുന്നത് തനിക്ക് അന്യായമായി തോന്നിയെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ മാത്രമാണ് അദ്ദേഹത്തിന് വീണ്ടും പാര്‍ട്ടി ടിക്കറ്റ് കൊടുക്കാതിരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കൊച്ചിയില്‍ ഫ്രണ്ട്സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവന്‍ എന്റെ പ്രിയ പി.ടി. എന്ന സ്മരണിക അദ്ദേഹം പ്രകാശനം ചെയ്തു. പി.ടിയുടെ ഭാര്യ ഉമാ തോമസ് എംഎല്‍എ, വേണു രാജാമണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഇടുക്കിയില്‍ നിന്നുള്ള സിറ്റിങ് എം.പിയായിരുന്ന പി.ടി. തോമസിന് 2014-ല്‍ സീറ്റ് നിഷേധിച്ചിരുന്നു. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു പി.ടി. തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്.
https://www.facebook.com/Malayalivartha