നെയ്യാറിലെ കെഎസ്.യു പരിശീലന ക്യാമ്പില്‍ കൂട്ടയടി:- കോണ്‍ഗ്രസില്‍ 'ആവേശം'... ഇനിയെങ്കിലും നന്നായിക്കൂടെ..?

തമ്മിലടി, കുതികാല്‍വെട്ട്, കൂട്ടയടി, കാലുവാരല്‍, തെറിയഭിഷേകം എന്നിവ കോണ്‍ഗ്രസുകാരുടെ കൂടപ്പിറപ്പുകളാണല്ലോ? ഇതില്‍ അല്‍പസ്വല്‍പം ഇല്ലാത്ത നേതാക്കള്‍ വളരെ അപൂര്‍വ്വമാണ്. തിരുവനന്തപുരം നെയ്യാറിലെ കെഎസ്.യു പരിശീലന ക്യാമ്പില്‍ നടന്ന കൂട്ടയടി ഇതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ വ്യാജസര്‍ട്ടിഫിക്കറ്റ്, റാഗിംങ്, സിദ്ധാര്‍ത്ഥന്റെ മരണം തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുങ്ങിക്കുളിച്ച് നാറി നില്‍ക്കുമ്പോള്‍, ആ അവസരം മുതലാക്കി സംഘടന ശക്തിപ്പെടുത്തേണ്ടതിന് പകരം പരസ്പ്പരം തമ്മില്‍ തല്ലിയും തെറിവിളിച്ചും നാട്ടുകാരുടെ മുന്നില്‍ നാണംകെട്ട് നില്‍ക്കുകയാണ്.
ക്യാമ്പില്‍ മദ്യപിച്ച് ആവേശത്തിലായ പ്രവര്‍ത്തകര്‍ മുന്‍ പ്രസിഡന്റ് അലേഷ്യസ് സേവ്യറെ തോളിലെടുത്ത് കൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറി. ക്യാമ്പിലുള്ളവര്‍ക്ക് മദ്യം വിളമ്പിയത് എഐസിസി അംഗമായ വനിതാ നേതാവിന്റെ ഇന്നോവ കാറിലാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നേതാവ് ഭര്‍ത്താവിനൊപ്പമാണ് സ്ഥലത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ വനിതാ നേതാവിനോട് മോശമായി പെരുമാറിയതിന് നടപടി നേരിട്ട ശഭു പാല്‍ക്കുളങ്ങര അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു മദ്യവിതരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതിപക്ഷനേതാവ് വിഡി സതീശന് നേതൃത്വം നല്‍കുന്നവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഇത് അലങ്കോലമാക്കാന്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ കളിച്ചെന്നാണ് അണിയറയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. രാജ്യം നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുമ്പോഴാണ്, തെമ്മാടിക്കൂട്ടങ്ങളെ പോലെ കെഎസ്.യുക്കാര്‍ തമ്മില്‍ത്തല്ലിയും മദ്യപിച്ചും സാമൂഹ്യവിരുദ്ധരപ്പോലെ പെരുമാറിയത്. നാളെ കോണ്‍ഗ്രസിനെയും നാടിനെയും നയിക്കേണ്ടവരാണ് ഇത്തരത്തില്‍ അഴിഞ്ഞാടിയത്. യാതൊരു തരത്തിലുമുള്ള അച്ചടക്കവും ഇവരാരും പാലിച്ചില്ല.
അടുത്ത കൊല്ലം തദ്ദേശതെരഞ്ഞെടുപ്പ് വരുകയാണ്. വാര്‍ഡ് പുനര്‍നിര്‍ണയ നടപടികളിലേക്ക് കടക്കുന്നതിനുള്ള നീക്കം തുടങ്ങി. തമ്മിലടിച്ച നേതാക്കളില്‍ പലരും സ്ഥാനാര്‍ത്ഥികളാകേണ്ടവരാണ്. ആ ബോധം പോലും പലര്‍ക്കുമുണ്ടായില്ല. അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, പത്രസമ്മേളനത്തില്‍ പ്രതിപക്ഷനേതാവിനെ ആ ... മോന്‍ എവിടെ പോയികെടക്കുന്നെന്ന് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റാണല്ലോ ഇവരുടെയൊക്കെ മാതൃകാ പുരുഷന്‍. വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും മൈക്കിനായി കടിപിടികൂടുന്നതും കേരളം കണ്ടും. അതുകൊണ്ട് കോണ്‍ഗ്രസിന്റെ നേതൃതലത്തിലാണ് ആദ്യം അച്ചടക്കവും അഴിച്ചുപണിയും നടത്തേണ്ടത്.
കെപിസിസി പ്രസിഡന്റിനെ ഒഴിവാക്കി പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ളവര്‍ ക്യാമ്പ് നടത്തിയത് കെ. സുധാകരനടക്കം പല മുതിര്‍ന്ന നേതാക്കളെയും ചൊടിപ്പിച്ചു. പ്രതിപക്ഷനേതാവിനെ ഉദ്ഘാടകനാക്കുകയും സുധാകരനെ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെ പുകഞ്ഞുനിന്നിരുന്ന അമര്‍ഷം അഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലെ അച്ചടക്കമില്ലായ്മയും പരസ്പ്പര ബഹുമാനമില്ലായ്മയും പോഷക സംഘടനകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
നെയ്യാറിലെ തമ്മില്‍ തല്ല് പ്രതിപക്ഷനേതാവ് ഇടപെട്ടിട്ടും അവസാനിക്കാത്തത് അതുകൊണ്ടാണ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുമെന്ന് സതീശന്‍ വിരട്ടിയിട്ടും കുട്ടി കോണ്‍ഗ്രസുകാര്‍ കേട്ടില്ല. അവസാനം ശല്യം സഹിക്കാതെ നാട്ടുകാര്‍ കൈവയ്ക്കുമെന്ന അവസ്ഥയെത്തിയപ്പോഴാണ് അടങ്ങിയത്. കോണ്‍ഗ്രസിലിത് പുതുമയുള്ള കഥയൊന്നുമല്ല, പ്രത്യേകിച്ച് തിരുവനന്തപുരത്തെ നേതാക്കള്‍ക്ക്. ഗൂപ്പ് വഴക്കിനെ തുടര്‍ന്ന് നേതാക്കളുടെ മുണ്ടുരിഞ്ഞ സംഭവത്തിന് രണ്ട് പതിറ്റാണ്ട് തികയാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചരിത്രം ആവര്‍ത്തച്ചത്.
2004 ജൂണ്‍ ആറിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും ശരത് ചന്ദ്രപ്രസാദിന്റെയും മുണ്ടുരിഞ്ഞത്. ആ പാരമ്പര്യം കെ.എസ്.യുക്കാരും പിന്തുടരുന്നു എന്നത് ഏറെ അഭിിമാനകരമായ കാര്യമാണ്. ഗ്രൂപ്പ് കളിയെ തുടര്‍ന്ന് ഉണ്ണിത്താനെയും ശര്തചന്ദ്ര പ്രസാദിനെയും കെപിസിസി ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ഐ, ഐ ഗ്രൂപ്പുകളെ തകര്‍ക്കാന്‍ നോക്കിയെന്ന് ആക്ഷേപിച്ചാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഇവരുടെ മുണ്ട് പൊതുജനമധ്യത്തില്‍ ഉരിഞ്ഞത്. നഗരമധ്യത്തിലെ പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നാടകീയമായ സംഭവം. ഇതിന് പിന്നില്‍ കെ. മുരളീധരന്റെ കറുത്ത കൈകളുണ്ടെന്നും കരക്കമ്പിയുണ്ടായിരുന്നു. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായിരുന്നു ഇത്.
സംസ്ഥാന പ്രസിഡന്റിന് നേരെ കല്ലെറിഞ്ഞ പാരമ്പര്യമുള്ളവരാണ് കെ.എസ്.യുക്കാര്‍, അതുകൊണ്ട് ക്യാമ്പില്‍ മദ്യപിച്ച് തല്ല് കൂടുയതില്‍ വലിയ അത്ഭുതമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മഷിക്കുപ്പിയും കരിയോയിലും സമരായുധമാക്കിയ ചരിത്രവും കെഎസ്.യുവിന് സ്വന്തം. ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കേശവേന്ദ്രകുമാറിന്റെ ദേഹത്താണ് കരിയോയില്‍ ഒഴിച്ചത്. കെ. കരുണാകരനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് താഴെയിടാന്‍ ചാരക്കഥ പ്രചരിപ്പിച്ചവരില്‍ പ്രമുഖര്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചനയെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസിലെ ഗൂഢാലോചനയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണ്. ഇങ്ങിനെ തമ്മിലടിച്ചും വെള്ളമടിച്ചും മുണ്ടുപറിച്ചും മുന്നോട്ട് പോകേണ്ട സമയം അവസാനിച്ചിരിക്കുകയാണ്. കാരണം കോണ്‍ഗ്രസ് നാശത്തിന്റെ തെക്കേയറ്റത്ത് എത്തിനില്‍ക്കുകയാണ്. ഇനിയെങ്കിലും നന്നായിക്കൂടേ... നന്നായാല്‍ നേതാക്കള്‍ക്കും പാര്‍ട്ടിക്കും കൊള്ളാം. ഇല്ലെങ്കില്‍ പ്രതിപക്ഷ ബഞ്ചിലിരുന്ന് കാലം കഴിക്കാം.
https://www.facebook.com/Malayalivartha