കട്ടപ്പന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിക്കും കൊള്ളരുതായ്മകൾക്കും എതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കട്ടപ്പന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിക്കും കൊള്ളരുതായ്മകൾക്കും എതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ പ്രസ്ഥാനങ്ങൾ നിലനിൽക്കാൻ ആവശ്യമായ രീതിയിലായിരിക്കും ബിജെപിയുടെ പ്രക്ഷോഭങ്ങൾ. സഹകരണ മേഖലയെ ശുദ്ധീകരിക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സഹകരണ കൊള്ളയിൽ എല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഉന്നതരായ സിപിഎം നേതാക്കളാണ്. എന്നാൽ സഹകരണ രംഗത്ത് വലിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ശുദ്ധീകരണത്തിനും കേന്ദ്രസർക്കാർ മുൻകൈയെടുത്തിരിക്കുകയാണ്. കേന്ദ്രത്തിലെ സഹകരണ നിയമങ്ങൾ കേരളത്തിലും നടപ്പിലാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ കേന്ദ്രസർക്കാരിനെതിരെ തിരിയുകയാണ് കേരളത്തിൽ എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്.
കേരളത്തിന്റെ പുരോഗതിക്ക് എല്ലാ മേഖലയിലും സഹായം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി 405 കോടി രൂപ കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇത് സംസ്ഥാനത്തിന് ഏറെ ഗുണകരമാണ്. സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ഇന്നുവരെ ഒരു കേന്ദ്രസർക്കാരും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ഇത്രയും സഹായം ചെയ്തിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ തിരിഞ്ഞതും കേന്ദ്ര നിയമങ്ങൾ നടപ്പിലാക്കുന്നതിലുള്ള അലംഭാവവും ആണ് ഇതിലും കൂടുതൽ സഹായം കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് തടഞ്ഞത്.
എൻഇപിക്കെതിരെ കേരളത്തിൽ കള്ള പ്രചാരണമാണ് നടക്കുന്നത്. ദേശീയ വിദ്യാഭ്യാസം നയം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്നാണ് കേരളത്തിലെ ചിലർ പ്രചരിപ്പിക്കുന്നത്. സഹകരണ മേഖലയിൽ കേന്ദ്ര നയത്തിനെതിരെ എങ്ങനെയാണോ പ്രചരണം നടത്തിയത് അതേപോലെ തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും സംസ്ഥാന സർക്കാർ നടത്തിയത്. ഇത് കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും വലിയ തടസ്സമാണ് സൃഷ്ടിച്ചത്. രാഷ്ട്രീയപാർട്ടിയുടെ ഓഫീസിൽ നിന്നും കത്ത് കൊടുത്താൽ വിസിമാരും സെനറ്റ് മെമ്പർമാരും ആകുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha