സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളില്ല; മന്നത്തു പത്മനാഭന്റെ ഉജ്വലമായ സ്മരണകളെ കുറിച്ച് രമേശ് ചെന്നിത്തല

ഭാരതകേസരി ശ്രീ മന്നത്തു പത്മനാഭന്റെ ഉജ്വലമായ സ്മരണകളാണ് ഇവിടെ ഇരമ്പി നിൽക്കുന്നത് എന്ന് രമേശ് ചെന്നിത്തല. 148-ാം മത് മന്നം ജയന്തി ആഘോഷം പെരുന്നയിൽ NSS ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകൾ ഇങ്ങനെ;-
കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ എന്തുകൊണ്ടും അഗ്രഗണ്യനാണ് ശ്രീ.മന്നത്തു പത്മനാഭൻ. മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും തളച്ചിടപ്പെട്ട ഒരു സമുദായത്തെ അദ്ദേഹം പുരോഗതിയിലേക്കും നവോത്ഥാനത്തിലേക്കും നയിച്ചു. അതു വഴി കേരള സമൂഹത്തിന് തന്നെ പുതുവെളിച്ചം പകർന്നു. മന്നം എന്നൊരു മഹാമേരു ഇവിടെ ഇല്ലായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തുനോക്കൂ. അപ്പോഴാണ് ആ മനുഷ്യൻ എന്തെല്ലാമായിരുന്നുവെന്ന് നമ്മുക്കായി എന്തെല്ലാം ചെയ്തുവെന്ന് ബോധ്യപ്പെടുക.
മന്നം ഒരിക്കൽ പറഞ്ഞു: ‘‘ മറ്റുളളവരെപ്പോലെ അധ്വാനിച്ച് ജീവിക്കാൻ നായർ സമുദായം തയ്യാറാകണം. അധ്വാനിച്ച് ആഹാരം കഴിച്ചേ ഉറങ്ങാവൂ എന്ന നിശ്ചയം സമുദായത്തിലെ ആണിനും പെണ്ണിനും ഉണ്ടായാൽ നമ്മൾ രക്ഷപെടും’’.
സ്വന്തം സമുദായത്തിന്റെ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് ഇത്രയും ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളില്ല. മാറ്റം ഓരോ വ്യക്തിയിലും കുടുംബത്തിലും ഉണ്ടാകണമെന്ന് അദ്ദേഹം കരുതി. മന്നത്തെ ‘മന്ദം’ എന്നല്ല, ശീഘ്രം’ എന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ കർമകുശലത കണ്ട് പ്രമുഖ അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിളള നർമം കലർത്തി പറഞ്ഞിട്ടുണ്ട്. ഉള്ള സൗകര്യങ്ങളിൽ ജീവിച്ചു പോകാൻ ഇഷ്ടപ്പെടുന്ന, അൽപം ചടഞ്ഞുകൂടാൻ തയാറാകുന്ന സമുദായം എന്ന പേരുദോഷമുണ്ടായിരുന്നവർക്കു മുന്നിൽ അദ്ദേഹം സ്വയം മാതൃക കാണിച്ചു.
ഏകമകൾ,സുമതിക്കുട്ടിയമ്മയുടെ കുറിപ്പുകളിൽ അദ്ദേഹത്തിന്റെ ദിനചര്യം വിവരിക്കുന്നത് അത്ഭുതകരമാണ്. അതിരാവിലെ മൂന്നരയ്ക്ക് അദ്ദേഹം ഉണരും! ഓർത്തു നോക്കുക. പിന്നെ കുളിക്കാൻ പോകുന്നതുവരെയുള്ള സമയം കത്തെഴുതും. തലേന്ന് തപാൽ വഴിയെത്തുന്ന പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിച്ചുതീർക്കും. കുളികഴിഞ്ഞാൽ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം. ആറിനു പ്രാതലിനുമുൻപ് ഇതെല്ലാം നടക്കും. വൃത്തി നിർബന്ധമായിരുന്നു. മുഷിഞ്ഞവസ്ത്രം ധരിച്ച് മകന്റെയടുത്തു ചെല്ലാൻ അമ്മയ്ക്കുപോലും മടിയായിരുന്നത്രേ. അതായിരുന്നു മന്നത്തു പത്മനാഭൻ എന്ന അകവും പുറവും സൗന്ദര്യമുള്ള മഹാപുരുഷൻ.
അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും സ്വസമുദായത്തെ മോചിപ്പിക്കുന്നതിലും സ്വയം അദ്ദേഹം മാതൃക തീർത്തു. വൈക്കം സത്യാഗ്രഹസമയത്തെ ഒരു സംഭവം ഓർമിക്കാം. ചങ്ങനാശ്ശേരി മന്നത്ത് വീട്ടിൽ അദ്ദേഹത്തെ സന്ദർശിക്കാൻ മൂന്നു പേർ എത്തി. അതിലൊരാളായ ആറൻമുള സ്വദേശി അഴകൻ അവർണവിഭാഗത്തിൽപെട്ടയാളായിരുന്നു.അവർ ആഹാരം കഴിച്ചിട്ടില്ലെന്ന് മനസിലാക്കിയപ്പോൾ അമ്മയോട് കഞ്ഞി റെഡിയാക്കൻ നിർദ്ദേശിച്ചു.അപ്പോഴാണ് ഒരു പ്രശ്നം ഉടലെടുത്തത്. അഴകനെ എവിടെ ഇരുത്തി ഭക്ഷണം നൽകും? താൻ പൊതുസ്ഥലത്ത് വെച്ച് മിശ്രഭോജനം ശീലിച്ചിട്ടുണ്ടെങ്കിലും അമ്മയ്ക്കത് സ്വീകാര്യമാകുമോ? വീട്ടിൽ തീണ്ടൽ ആചരണത്തിൽ ഒരുമിച്ചിരുന്ന് സംസാരിക്കാവുന്നതിൽ കവിഞ്ഞുളള ഒരു പരീക്ഷണവും നടത്തേണ്ട സന്ദർഭം ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha