ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി വിധിയിൽ വ്യക്തം; സുഭാഷ് കപൂർ ആരാണെന്ന് കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ

ശബരിമല സ്വർണക്കൊള്ളയിലെ സുഭാഷ് കപൂർ ആരാണെന്ന് കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുഭാഷ് കപൂർപോലുള്ള കുപ്രസിദ്ധ അന്താരാഷ്ട്ര ക്ഷേത്ര കലാ കൊള്ളക്കാരന്റെ പ്രവർത്തനങ്ങളുമായി ശബരിമലയിലെ കൊള്ളയ്ക്ക് സാമ്യമുണ്ടെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പരാമർശിച്ചിരിക്കുന്നതിനാൽ ശബരിമലയിലെ സുഭാഷ് കപൂർ ആരാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്.
നിലവിൽ ഏതാനും ഉദ്യോഗസ്ഥരിൽ മാത്രമേ അന്വേഷണം എത്തിയിട്ടുള്ളു. ദേവസ്വംബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, മന്ത്രി എന്നിവർ ഉൾപ്പെട്ട സംഘടിത കൊള്ളയിലേക്ക് അന്വേഷണം എത്താത്ത പശ്ചാത്തലത്തിലാണ് ശബരിമല സ്വർണക്കൊള്ളിയിൽ മുഴുവൻ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കെപിസിസി നവം 12ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുന്നത്.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതിയുടെ വിധിയിൽ തന്നെ വ്യക്തമാണ്. സെക്രട്ടറിക്ക് തിരുവാഭരണം കമ്മീഷണർ അയച്ച കത്തിൽ ദ്വാരപാലക ശില്പങ്ങളിൽ കേടുപാടുകളുണ്ടെന്നും സീസൺ ആരംഭിക്കുന്നതിനു മുമ്പ് അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടു.
തുടർന്നുള്ള ദിവസങ്ങളിൽ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ പദ്ധതി തയാറാക്കി. എന്നാൽ 2024ൽ സീസൺ ആരംഭിക്കുന്നതിനുമുമ്പ് അറ്റകുറ്റപ്പണി നടത്തിയില്ല. അടിയന്തരസ്വഭാവം വ്യാജമായിരുന്നെന്നു വ്യക്തം. 2025ൽ വീണ്ടും അടിയന്തരസാഹചര്യം പുന:സൃഷ്ടിച്ച് ബോർഡ് ദ്വാരപാലക ശില്പങ്ങളെ അറ്റകുറ്റപ്പണിക്ക് അയച്ചു. ക്ഷേത്രപരിസരത്തുനിന്ന് പവിത്രമായ കലാവസ്തുക്കൾ മാറ്റുന്നതിന് വ്യക്തമായ കോടതി വിലക്ക് ഉണ്ടെന്ന് ബന്ധപ്പെട്ട എല്ലാവർക്കും അറിയാവുന്നതാണ്.
സന്നിധാനത്തുവച്ചുതന്നെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ ബോർഡിന് 2025 ജനുവരി മുതൽ 2025 നവംബർ വരെ സമയം ഉണ്ടായിരുന്നു. കോടതിയുടെ ഉത്തരവുകളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും സമയവും സാവകാശവും ഉണ്ടായിട്ടും അവയെ പൂർണമായി ലംഘിച്ചുകൊണ്ടാണ് 2025ൽ ദേവസ്വം ബോർഡ് സ്വർണക്കൊള്ളയുമായി മുന്നോട്ടുപോയത്. അന്നത്തെ ബോർഡും ദേവസ്വം മന്ത്രിയുമൊക്കെ സ്വർണക്കൊള്ളയിൽ പങ്കാളികളാണെന്നു വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























