ചിറ്റൂരിലെ ആറുവയസുകാരന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചിറ്റൂരില്‍ കാണാതായ ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളോ മറ്റ് മുറിവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുഹാന്‍ പഠിച്ചിരുന്ന റോയല്‍ നഴ്‌സറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു.
വെള്ളിയാഴ്ച വൈകുന്നേരം കാണാതായ സുഹാനായി അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് 21 മണിക്കൂറോളം നീണ്ട വിപുലമായ തിരച്ചിലാണ് നടത്തിയത്. വീടിന് സമീപത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ വീടിന് 800 മീറ്റര്‍ അകലെയുള്ള കുളത്തിന്റെ മദ്ധ്യഭാഗത്തായിട്ട് മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
സുഹാന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആറുവയസുകാരനായ കുട്ടി തനിച്ച് ഇത്രയും ദൂരം എങ്ങനെ എത്തിയെന്നതിലും കുളത്തില്‍ വീണതിലും ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സാധാരണഗതിയില്‍ ഒരാള്‍ നടന്നുപോകുമ്പോള്‍ അപകടത്തില്‍പ്പെടാന്‍ സാദ്ധ്യതയുള്ള സ്ഥലമല്ലിതെന്നും അപകടസാദ്ധ്യതയല്ലാതെ മറ്റ് കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും ചിറ്റൂര്‍ നഗരസഭ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് സ്ഥലം എംഎല്‍എയായ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























