തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം - ബി.ജെ പി അന്തർധാര മറയ്ക്കുന്നതിന് ഇത്തരം കണ്ണിൽ പൊടിയിടൽ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട്; മസാല ബോണ്ട് വിഷയത്തിൽ ഇ.ഡി നോട്ടീസ്; വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

മസാല ബോണ്ട് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും എതിരെ ഇ.ഡി അയച്ച നോട്ടീസിനെ ഞങ്ങൾ കാര്യമായി കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . കാരണം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം - ബി.ജെ പി അന്തർധാര മറയ്ക്കുന്നതിന് ഇത്തരം കണ്ണിൽ പൊടിയിടൽ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട്. ബിജെപിയുമായി രഹസ്യധാരണ ഇല്ല എന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിക്കാനുള്ള പൊറാട്ട് നാടകം മാത്രമാണ് ഇത്.
ഇഡി ഇതിനു മുമ്പും മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് ഉണ്ടായപ്പോൾ അതിനെതിരായി നോട്ടീസ് അയക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയുടെ ഭാഗമായി സ്വർണ്ണക്കള്ളക്കടത്ത് ആവിയായിപ്പോയി. അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കേസുകൾക്ക് തീർപ്പില്ലാതെയായി. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള ഭായി ഭായി ബന്ധം ഇഡി നോട്ടീസുകളെ ഒക്കെ കാറ്റിൽ പറത്തിയെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ മസാല ബോണ്ട് കേരളം കണ്ട വൻകിട സാമ്പത്തിക ക്രമക്കേടുകളിൽ ഒന്നു തന്നെയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ഇന്ത്യൻ റുപ്പിയിൽ കടപ്പത്രങ്ങൾ ഇറക്കുന്നതിനെയാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇത് ബിജെപിയുടെ സാമ്പത്തിക നയത്തിന്റെ ഭാഗമാണ്. അതിന്റെ പ്രത്യേകത ഇന്ത്യൻ കറൻസിയിൽ ബോണ്ട് ഇറക്കാൻ കഴിയും. നരേന്ദ്ര മോദി ലണ്ടനിൽ പോയപ്പോൾ അവിടെ വച്ചാണ് ആദ്യമായി ഇത് പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പ്രൈവറ്റൈസ് ചെയ്യാനുള്ള ലക്ഷ്യത്തോടുകൂടിയാണ് അന്ന് അദ്ദേഹം അത് മുന്നോട്ടുവെച്ചത്. നരേന്ദ്ര മോദി ചെയ്ത അതേ കാര്യമാണ് പിണറായി വിജയൻ കേരളത്തിലും ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
ഈ ഇഷ്യൂ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭയ്ക്കകത്തും പുറത്തും ഉയർത്തിക്കൊണ്ടുവന്നത് ഞാനാണ്. ഇതൊരു വലിയ അഴിമതിയുടെയും കൊള്ളയുടെയും കഥയാണ്. മസാല ബോണ്ട് വാങ്ങാൻ പ്രൈവറ്റ് പ്ലേസ്‌മെന്റുമുണ്ട് പബ്ലിക് പ്ലേസ്‌മെന്റുമുണ്ട്. പബ്ലിക് പ്ലേസ്‌മെന്റ് നടത്തിയത് മുഖ്യമന്ത്രി ലണ്ടനിൽ പോയിട്ടാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കിയത് 9.72 ശതമാനത്തിനാണ്. അതേസമയം ലോകബാങ്ക് പലിശ 2.5 ആണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 16 ഇന്ത്യൻ കമ്പനികൾക്ക് 5.5 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശയ്ക്കാണ് മസാല ബോണ്ട് ഇറക്കിയത്. അപ്പോൾ കേരള ഗവൺമെന്റ് 9.72 ശതമാനം കൊള്ളപ്പലിശക്കാണ് ഈ ബോണ്ട് ഇറക്കിയത്. ഇത് ആർക്കുവേണ്ടിയാണ് ഇറക്കിയത് എന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha
























