ഇന്ത്യയുടെ കനിവ് കാത്ത് പ്രവാസികൾ; ഇന്ത്യയുടെ മറുപടിക്കായി യു എ ഇയും ; ലോക്ഡൗൺ തീരാതെ നടപടി ഉണ്ടാകില്ലെന്ന സൂചനയുമായി ഇന്ത്യ

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരിച്ചു കൊണ്ടു പോകുന്ന കാര്യത്തിൽ ഇന്ത്യയുടെ തീരുമാനം കാത്ത് യു.എ.ഇ. തങ്ങളുടെ പൗരൻമാരെ ഷെഡ്യൂൾഡ് വിമാനങ്ങളിൽ ശനിയാഴ്ച മുതൽ കൊണ്ടു പോകാൻ പാകിസ്താൻ തീരുമാനിച്ചു. യു.എ.ഇ മുന്നറിയിപ്പിനെ തുടർന്ന് ഇരുപതോളം രാജ്യങ്ങളാണ് പൗരൻമാരെ ഒഴിപ്പിക്കുന്നത്. എന്നിട്ടും ഇന്ത്യ കൈ മലർത്തുകയാണ് .എന്നാൽ ലോക്ഡൗൺ തീരാതെ നടപടി ഉണ്ടാകില്ലെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.
കോവിഡ് രോഗലക്ഷണമില്ലാത്ത, സ്വമേധയാ മടങ്ങാൻ ആഗ്രഹിക്കുന്നവരെ മാത്രം കൊണ്ടു പോയാൽ മതിയെന്ന് യു.എ.ഇ വ്യക്തിമാക്കിയിട്ടും ഇന്ത്യ മൗനം തുടരുകയാണ്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ എന്നിവക്കു പുറമെ ഷാർജ കേന്ദ്രമായ എയർ അറേബ്യയും മടങ്ങുന്ന ഇന്ത്യക്കാർക്കായി ഷെഡ്യൂൾഡ് വിമാന സർവീസ് നടത്താൻ ഒരുങ്ങി നിൽപ്പാണ്.
മെയ് മൂന്നു വരെ ലോക്ഡൗൺ നീട്ടിയിരിക്കെ, അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്ത്യ എന്ന് പുനരാരംഭിക്കുമെന്ന കാര്യം വ്യക്തമല്ല. പ്രവാസികളെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തിൽ സുപ്രീം കോടതി പരാമർശം മറയാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്.
നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് വിസാ കാലാവധി തീർന്നവരും തൊഴിൽ നഷ്ടപ്പെട്ടവരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് നിത്യവും ഇന്ത്യൻ എംബസിയെയും കോൺസുലേറ്റിനെയും സമീപിക്കുന്നത്. എന്നാൽ യു.എ.ഇയുടെ നിർദേശങ്ങൾ പാലിച്ച് ഇവിെട തന്നെ തുടരാനാണ് അംബാസഡർ പവൻ കപൂറിൻെറ നിർദേശം.യു.എ.ഇയിൽ കുടുങ്ങി കിടക്കുന്ന പാകിസ്താനികളെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ശനിയാഴ്ച പറന്നുയരും. ഇരുപതിനായിരം പേരാണ് രാജ്യത്തേക്ക് മടങ്ങാനായി പാക് എംബസിയിലും കോൺസുലേറ്റിലും ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എങ്ങനെയും നാട്ടിലെത്തനായി , കേന്ദ്രത്തിന്റെ നിർണായക തീരുമാനം കാത്തിരിക്കുകയാണ് പ്രവാസലോകം. കൊറോണ പടർന്നു പിടിക്കുന്ന ഗൾഫിൽ നിന്ന് ഏതുവിധേനയും നാട്ടിലെത്താനുള്ള തീവ്രമായ ആഗ്റഹത്തിലാണ് പ്രവാസികൾ . ഇന്ത്യയിലേക്ക് വിമാനസർവീസ് ഉടൻ ആരംഭിക്കുക സാദ്ധ്യമല്ലെന്നാണ് കേന്ദ്റസർക്കാർ തീരുമാനമെങ്കിലും കേന്ദ്രത്തിന്റെ മനസുമാറുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രവാസികൾ .
കൊറോണ വൈറസ് സൃഷ്ടിക്കുന്ന ഭീതിയും ഗൾഫ് നാടുകളിലെ നിയന്ത്റണങ്ങളും അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ അത്യാവശ്യക്കാർക്ക് നാട്ടിൽ എത്താനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് വിവിധ സംഘടനകളും ആവശ്യമുന്നയിക്കുന്നുണ്ട്. .കോവിഡ് 19 പോസിറ്റീവ് അല്ലാത്തവർ, ഗർഭിണികൾ, വിസിറ്റ് വിസയിൽ വന്ന മാതാപിതാക്കൾ, ജോലി അന്വേഷിച്ച് എത്തിയവർ തുടങ്ങിയവരെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞാൽ വലിയ ദുരിതത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയും. എന്നാൽ അതിനുപോലും തയ്യാറാവാതെ പ്രവാസികളുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ് കേന്ദ്രം .പ്രവാസികളെ മടക്കി അയക്കാൻ തയ്യാറായി ,ഇനിടയുടെ അനുമതിക്കായി കാത്ത് യു എ ഇ നിൽക്കുമ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ ഈ നിസ്സംഗതയ്ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്
https://www.facebook.com/Malayalivartha