ആറുമാസം മാത്രം പ്രായമുള്ള പേരക്കുട്ടിയുടെ കുഞ്ഞിളം കൈ പിടിച്ച് അവർ പറന്നു ..പിറന്ന മണ്ണിലേക്ക് ...

മകന്റെ കുഞ്ഞിനെ കാണാനുള്ള ആഗ്രഹത്തിൽ ദുബൈയിലേക്ക് ഓടിവന്നതാണ് മുത്തച്ഛനും മുത്തശ്ശിയും. വിസാ കാലാവധിയും തീർന്ന് കോവിഡ് പ്രതിസന്ധിയിൽ മകന്റെ ഫ്ളാറ്റിൽ ഇവരെയും ലോക്‌ഡൗൺ ആക്കിക്കളഞ്ഞു കൊറോണ . എന്നാൽ ഇപ്പോൾ കൊച്ചുമകളുടെ കുഞ്ഞിക്കൈയും പിടിച്ച് അവർ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു.
ദുബായിലുള്ള മകന്റെ കുടുംബത്തിനൊപ്പം അല്പദിവസം ചെലവിടാനും കൊച്ചുമകളെ കാണാനും പറന്നെത്തിയ മുത്തച്ഛനും മുത്തശ്ശിയും വന്ദേഭാരത് മിഷൻ അഞ്ചാംദിനത്തിൽ മടങ്ങിയത് ആറുമാസം മാത്രം പ്രായമായ കൊച്ചുമകൾ സ്മൃതി സമോദിന്റെ കുഞ്ഞിളം കൈ പിടിച്ചാണ് . ദുബായ് കാണാനും കൊച്ചുമകളെ കാണാനുമായി കഴിഞ്ഞ ഡിസംബറിൽ എത്തിയതാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ 79 വയസ്സുകാരൻ ടി.കെ. രാമചന്ദ്രൻ നായരും ഭാര്യ 71 വയസ്സുള്ള വിലാസിനിയമ്മയും. എന്നാൽ മൂന്നുമാസത്തെ സന്ദർശനവിസയിലെത്തിയ ഇവരെ ദുബായ് ചുറ്റിനടന്ന് കാണുന്നതിന് മുൻപുതന്നെ കോവിഡ് ലോക് ഡൗണിലാക്കി. മൂന്നുമാസത്തെ വിസ തീർന്ന് മാർച്ച് 23- ന് മടങ്ങാനിരിക്കെയാണ് വിമാനസർവീസുകളും നിർത്തലാക്കിയത്. അതോടെ നാട്ടിലേക്കുള്ള മടക്ക യാത്ര മുടങ്ങി. മകൻ സമോദ്.ആർ. കണ്ണാട്ടിനും മരുമകൾ സ്മിതക്കുമൊപ്പം കൊച്ചുമകളെ കളിപ്പിച്ചിരിക്കാമെന്ന് വെച്ചാൽ അതിനും സാധിക്കാതെയായി.
നഴ്‌സായ സ്മിതക്ക് കോവിഡ് ഡ്യൂട്ടി ഒഴിവാക്കാനാവില്ല. അജ്മാനിൽ സ്ഥിരതാമസമെങ്കിലും അബുദാബിയിലാണ് ഡ്യൂട്ടി. ആശുപത്രിയിൽ താമസിച്ച് ജോലി ചെയ്യേണ്ട പ്രത്യേക സാഹചര്യമാണ്. അതോടെ കൊച്ചുമകളുടെ സുരക്ഷയോർത്ത് രാമചന്ദ്രനും വിലാസിനിയമ്മയും കുഞ്ഞിനെയും കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പ്രായത്തിന്റേതായ അവശതകൾ മാത്രമേ രണ്ടുപേർക്കുമുള്ളൂ. മറ്റ് അസുഖങ്ങളൊന്നുമില്ല. പക്ഷേ കൊച്ചുമകളുടെ സുരക്ഷയോർത്താണ് രണ്ടുപേരും എംബസിയിൽ രജിസ്റ്റർ ചെയ്തതും വേഗത്തിൽ മടങ്ങാൻ തീരുമാനിച്ചതും. സമോദിന്റെ അനിയൻ വിഷ്ണുവും ഇവർക്ക് കൂട്ടായി മടങ്ങി. ദുബായിൽ ജോലി ചെയ്തിരുന്ന വിഷ്ണുവിന് വീണ് കാൽമുട്ടിന് പരിക്കുണ്ടെങ്കിലും പ്രായമായ അച്ഛനും അമ്മക്കും കൂട്ടായി പോകാൻ നിർദേശം ലഭിക്കുകയായിരുന്നു. കുഞ്ഞുമോളുടെ സുരക്ഷയ്ക്കായി നാട്ടിലേക്കുപറക്കുമ്പോൾ ജന്മനാടിന്റെ കരുതലിൽ മൂന്നു പേർക്കും ആശ്വാസം .
https://www.facebook.com/Malayalivartha
























