കോവിഡ് രോഗികളിൽ 3–4 ശതമാനം കുട്ടികൾ; മാതാപിതാക്കൾ സൂക്ഷിക്കുക ; കുട്ടികളുടെ കാര്യത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ദർ

രാജ്യത്തെ കോവിഡ്-19 രോഗികളിൽ മൂന്നു മുതൽ നാലു ശതമാനം വരെ 14 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ പീഡിയാട്രിക് എമർജൻസി സെൻറർ ആക്ടിങ് ചെയർമാൻ ഡോ. മുഹമ്മദ് അൽ അംരി . അന്താരാഷ്ട തലത്തിൽ കോവിഡ്-19 ബാധിക്കുന്നവരിൽ കുട്ടികളുടെ എണ്ണം വളരെ കുറവാണ്. അതിൽ തന്നെയും വളരെ ചുരുക്കം പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. അതുകൊണ്ടു തന്നെ
കണക്കുകൾ പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ടെങ്കിലും കുട്ടികൾക്ക് കോവിഡ്-19 രോഗത്തെ തടയാൻ കഴിയുമെന്ന് ഇതിനർഥമില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു . അൽ സദ്ദിലെ പീഡിയാട്രിക് എമർജൻസി സെന്ററിൽ കോവിഡ്-19 ലക്ഷണങ്ങളുമായി കുട്ടികളെത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു..
അതിനാൽ, കുട്ടികളുടെ കാര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും സുരക്ഷ മൂൻകരുതലുകൾ ഊർജിതമാക്കണമെന്നും ഡോ. അൽ അംരി ആവശ്യപ്പെട്ടു. കുട്ടികളിൽ കോവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾ വളരെ കുറവാണ്. വൈറസിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ മറ്റുള്ളവരെ പോലെ കുട്ടികളും ഉൾപ്പെടും. രക്ഷിതാക്കളിലേക്കും മുതിർന്നവരിലേക്കും കുട്ടികൾ വഴി വൈറസ് എത്താനിടയുണ്ട്. മാറാരോഗമുള്ളവരിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതോടെ അവരുടെ ആരോഗ്യം കൂടുതൽ വഷളാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ കുട്ടിരോഗികളിലധികവും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്. ഇക്കാരണത്താൽ കുട്ടികളെ വീടുകളിലിരുത്തുന്നതാണ് ഏറെ ഉത്തമം. അവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സാമൂഹിക അകലമടക്കമുള്ള സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് അനിവാര്യമാണ്. കോവിഡ്-19മായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും കുട്ടികളിലേക്ക് പകർന്നുനൽകാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























