കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കോടി രൂപയുടെ സ്വർണം, സൗദിയിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാർ പിടിയിൽ

ഗൾഫിൽ നിന്ന് നാട്ടിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച് നിരവധി പ്രവാസികളാണ് പിടിയിലായിട്ടുള്ളത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലും, പരിശോധനയിലും എല്ലാം തന്നെ കടത്ത് സ്വർണം പിടികൂടുന്നത് പതിവാണ്. ഇപ്പോൾ സൗദിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാർ പിടിയിലായിരിക്കുകയാണ്. അവരിൽ നിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.
ബുധനാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദിൽ (24) നിന്ന് 1095 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളാണ് പിടികൂടിയത്. സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന കോഴിക്കോട് മുക്കം സ്വദേശി മുണ്ടയിൽ ഇർഷാദിൽ (25) നിന്ന് 1165 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും പിടികൂടി.
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.ഡെപ്യൂട്ടി കമീഷണർ ജെ. ആനന്ദകുമാറിന്റെ നിർദേശ പ്രകാരം സൂപ്രണ്ട് സലിൽ, മുഹമ്മദ് റജീബ്, ഇൻസ്‌പെക്ടർമാരായ ഹരിസിങ് മീണ, വിഷ്ണു അശോകൻ, ഹെഡ് ഹവിൽദാർമാരായ ഇ.വി. മോഹനൻ, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് കള്ളക്കടത്ത് പിടികൂടിയത്.
അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായത്. കുട്ടികളോടൊത്ത് ദുബൈയിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോളാണ് ദമ്പതികൾ സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായില്‍നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ പുളിക്കിപൊയില്‍ ഷറഫുദ്ദീന്‍ (44), ഭാര്യ നടുവീട്ടില്‍ ഷമീന (37) എന്നിവരില്‍നിന്ന് രണ്ടുകിലോ സ്വര്‍ണമിശ്രിതം ആണ് പിടിച്ചത്.
ഇവരെ കസ്റ്റംസ് അറസ്റ്റുചെയ്തു. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഏകദേശം 1.15 കോടി രൂപ വിലമതിക്കുന്ന 2148 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്കു നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗംചെയ്തു സ്വര്‍ണം കടത്താനാണ് ഇവര്‍ ശ്രമിച്ചത്. 1.15 കോടി വിലമതിക്കുന്ന 2148 ഗ്രാം സ്വർണമിശ്രിതമാണ് ഇവരിൽ നിന്നും പിടികൂടിയത്.
ഷറഫുദീൻ നാല് ക്യാപ്സൂളുകളിലായി 950 ഗ്രാം സ്വർണമിശ്രിതമാണ് ഒളിപ്പിച്ചത്. ഷമീന അടിവസ്ത്രത്തിൽ ഒളിപ്പിച്ച പായ്ക്കറ്റിൽ നിന്നും 1198 ഗ്രാം സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടികൂടിയത്. ഷമീനയെ സംശയംതോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണമിശ്രിതം അടങ്ങിയ പായ്ക്കറ്റ് ലഭിച്ചു. തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് താനും സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ടെന്ന് ഷറഫുദ്ദീന്‍ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha