യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു

യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു. മസ്‌കത്തിലെത്തിയ അനില്‍കുമാര്‍ ഉടന്‍തന്നെ ഇന്ത്യയിലേക്ക് തിരിക്കും. ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകര്‍ന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ടാണ് അനില്‍കുമാര്‍ യെമനില്‍ എത്തിയത്. മോചനത്തിന് വേണ്ടി ഇടപെട്ട ഒമാന് ഇന്ത്യ നന്ദി അറിയിച്ചു. ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകര്‍ന്ന ചരക്ക് കപ്പലിലെ അംഗമായിരുന്നു അനില്‍കുമാര്‍ രവീന്ദ്രന്‍. കപ്പലിലെ മറ്റ് പത്തുപേരെയും നേരത്തേ മോചിപ്പിച്ചിരുന്നു.
ജൂലായ് ഏഴിനാണ് ഗ്രനേഡ് ആക്രമണത്തില്‍ കപ്പല്‍ മുങ്ങി സെക്യൂരിറ്റി ഓഫീസറായ അനില്‍കുമാര്‍ ഉള്‍പ്പെടെ 11പേരെ കാണാതായത്. ജൂലായ് അവസാനം പത്തിയൂര്‍ക്കാല ശ്രീജാലയം വീട്ടിലേക്ക് അനില്‍കുമാര്‍ രവീന്ദ്രന്റെ ഫോണ്‍കോള്‍ എത്തിയിരുന്നു. താന്‍ യമനിലുണ്ടെന്നും ഉടന്‍ എത്താനാകുമെന്നുമാണ് അനില്‍ ഭാര്യ ശ്രീജയോട് അന്ന് പറഞ്ഞത്. നിമിഷങ്ങള്‍ മാത്രം നീണ്ട ഫോണ്‍വിളിയില്‍ മകന്‍ അനൂജിനോടും സംസാരിച്ചു. ഉടന്‍തന്നെ അനിലിന്റെ കോള്‍ വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചു. യെമനില്‍ നിന്ന് വിളിച്ച ഫോണ്‍ നമ്പറും കൈമാറി.
മെയനില്‍ ഇന്ത്യയ്ക്ക് എംബസി ഇല്ലാത്തതിനാല്‍ സൗദിയിലെ എംബസിക്കായിരുന്നു ചുമതല. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും കാര്‍ത്തികപ്പള്ളി തഹസില്‍ദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ ആക്രമണത്തിനിടെ മരിച്ചു. ഒരാള്‍ക്ക് മാരകമായി മുറിവേറ്റു.
21 പേര്‍ കടലില്‍ച്ചാടി. ഇതില്‍ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിന്‍ ഉള്‍പ്പെടെ പത്തുപേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. അനില്‍ ഉള്‍പ്പെടെയുള്ളവര്‍ ജാക്കറ്റ് ധരിച്ച് കടലില്‍ ചാടിയെങ്കിലും തിരയില്‍ ദിശമാറിയതിനെത്തുടര്‍ന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു.
https://www.facebook.com/Malayalivartha


























