ആറുപേർക്ക് പുതുജീവൻ നൽകി വിപിൻ യാത്രയായി... നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട യുവാവിന്റെ വേർപാട് ഏവരേയും കണ്ണീരിലാഴ്ത്തി

സങ്കടക്കടലിലായി... ആറുപേർക്ക് പുതുജീവൻ നൽകി വിപിൻ വിട പറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച വിപിന്റെ നാല് അവയവങ്ങൾ ദാനംചെയ്യാൻ കുടുംബം തീരുമാനിച്ചതോടെയാണ് ആറുപേർക്ക് പുതുജീവനാവുന്നത്.
നേത്രങ്ങൾ, കരൾ, കിഡ്‌നി, ഹൃദയം എന്നിവ ദാനം ചെയ്താണ് വിപിൻ മണ്ണിലേക്ക് മടങ്ങിയത്. നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട കൽപറ്റ പുത്തൂർവയൽ സ്വദേശി എൻ.ജെ. വിപിൻ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
രണ്ടരമാസം മുമ്പ് പിതാവ് കൊളവയൽ ട്രേഡേഴ്‌സ് ഉടമ ജോയിയുടെ വേർപാടിന്റെ വേദന അണയുംമുമ്പേ വിപിനെത്തേടി മരണമെത്തിയത് കുടുംബത്തിന് വലിയ ആഘാതമായി. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരണപ്പെടുന്നത്. ഏറെ സൗഹൃദവലയങ്ങളുള്ള, അറിയപ്പെടുന്ന കർഷകനായ 41കാരൻ വിപിൻ ജോയ് കൽപറ്റ വൈറ്റ് ഹൗസ് ട്രേഡേഴ്സ് ഉടമ കൂടിയാണ്.
തീവ്രദുഃഖത്തിനിടയിലും സഹോദരൻ നവീൻ ജോയ് അവയവദാനത്തിനു സമ്മതപത്രം നൽകിയതോടെ ശനിയാഴ്ച രാത്രിതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാട്ടിലെ ഏത് പരിപാടികൾക്കും തന്റേതായ കൈയൊപ്പ് ചാർത്തിയിരുന്ന വിപിൻ മരണത്തിലും മറ്റുള്ളവർക്ക് മാതൃകയാവുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് കൽപറ്റ ഡി പോൾ പള്ളി സെമിത്തേരിയിൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു. വിപിന്റെ മാതാവ്: ആനീസ് മലാന. ഭാര്യ: വീണ. മക്കൾ: നിധാൻ, നിധാനിയ, നിധിയ.
"
https://www.facebook.com/Malayalivartha


























