പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്

പെട്രോള്‍ പമ്പില്‍ പുകവലിക്കുന്നത് വിലക്കിയതിന്റെ ദേഷ്യത്തില്‍ ലൈറ്റര്‍ കത്തിച്ച് ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവിന്റെ പരാക്രമം. പമ്പിലെ ജീവനക്കാരന്‍ സമയോചിതമായി ഇടപെട്ട് തീ അണയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബിര്‍ഗാവ് സ്വദേശി ധര്‍മ്മേന്ദ്ര സിങ്, എഎച്ച്പി കോളനി സ്വദേശി ഇമ്രാന്‍ ഖുറേഷി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
തീ നിയന്ത്രണവിധേയമായതിനു പിന്നാലെ, ധര്‍മേന്ദ്രയും ഇമ്രാനും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പമ്പിലെ ജീവനക്കാര്‍ അവരെ പിടികൂടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഊര്‍ല പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയും, ഇവരുടെ ബൈക്കും ലൈറ്ററും പിടിച്ചെടുക്കുകയും ചെയ്തു. തീവയ്പ്, പൊതുസുരക്ഷ അപകടത്തിലാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഊര്‍ല ഇന്‍സ്‌പെക്ടര്‍ രോഹിത് മഹേല്‍ക്കര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം 7:40ഓടെ ഊര്‍ല ഏരിയയിലെ കര്‍മ്മ ചൗക്കിന് സമീപമുള്ള സംഗീത ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ രണ്ടു യുവാക്കള്‍ ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തി. പമ്പ് ജീവനക്കാരന്‍ ടാങ്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ബൈക്കിന്റെ പിന്നിലിരുന്ന ധര്‍മേന്ദ്ര താഴെയിറങ്ങി സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചു. ബൈക്കിലിരിക്കുകയായിരുന്ന ഇമ്രാന്‍ ഇത് കണ്ട് ധര്‍മേന്ദ്രയെ തള്ളി മാറ്റി.
ഇതോടെ കുപിതനായ ധര്‍മേന്ദ്ര സിഗരറ്റ് ലൈറ്റര്‍ കത്തിച്ച് ബൈക്കിന്റെ ഇന്ധന ടാങ്കിന് തീയിട്ടു. പെട്ടെന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ ബൈക്ക് യാത്രികരും പമ്പിലെ ജീവനക്കാരനും ഓടി രക്ഷപ്പെട്ടു. ഉടന്‍തന്നെ മറ്റൊരു പമ്പ് ജീവനക്കാരന്‍ ഫ്യൂവല്‍ ഹോസ് വലിച്ചുമാറ്റുകയും പ്രധാന ഇന്ധന വിതരണം നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന്, ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ അണച്ചു. തീപിടിത്തത്തിനിടെ, കത്തിക്കൊണ്ടിരുന്ന ഇന്ധനം യുവാക്കളുടെ ശരീരത്തിലും തെറിച്ചിരുന്നു.
https://www.facebook.com/Malayalivartha























