ന്യൂസിലന്‍റിലും കനത്ത ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തി

ജപ്പാന് തൊട്ടുപിന്നാലെ ന്യൂസിലന്‍റിലും കനത്ത ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ചലനം കഴിഞ്ഞയാഴ്ച സൗത്ത് ഐലന്‍റില്‍ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകന്പത്തേക്കാള്‍ തീവ്രതയുള്ളതായിരുന്നു. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാല്‍ഴേ്സ്റ്റണില്‍ നിന്നും 138 കിലോമീറ്റര്‍ മാറി നോര്‍ത്തേണ്‍ ഐലന്‍റ് തീരത്ത് 37 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
നവംബര്‍ 14 ന് ക്രൈസ്റ്റ് ചര്‍ച്ചിന് സമീപം 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ആയിരക്കണക്കിന് തുടര്‍ചലനമാണ് ഉണ്ടായത്. അതേസമയം ജപ്പാനില്‍ ഭൂകമ്പമാപിനിയില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം രാവിലെ 6.00 മണിക്കായിരുന്നു ഉണ്ടായത്.
തെക്ക് കിഴക്കന്‍ മേഖലയായ നാമിയില്‍ നിന്നും 37 കിലോമീറ്റര്‍ മാറി 11.4 കിലോ മീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഫുകുഷിമ ആണവ നിലയത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കിയിരുന്നു.
ഒരു മണിക്കൂറില്‍ 4.8 രേഖപ്പെടുത്തിയ നാലു തുടര്‍ ചലനങ്ങളും ഉണ്ടായി. സെന്‍തായില്‍ 1.4 മീറ്റര്‍ ഉയരത്തില്‍ വരെ തിരയുണ്ടായതായിട്ടാണ് വിവരം. ഭൂകമ്പം സാധാരണമായ ജപ്പാനില്‍ ഒസാകയ്ക്ക് സമീപം കുരയോഷിയില്‍ ഒക്ടോബറില്‍ ഉണ്ടായതാണ് ഇതിന് മുൻപ് രേഖപ്പെടുത്തിയത്. അനേകര്‍ക്ക് പരിക്കേറ്റിരുന്നു. 2011 ല്‍ ഉണ്ടായ കനത്ത ഭൂചലനത്തില്‍ തിരമാല 40 മീറ്റര്‍ വരെ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം അര്‍ജന്‍റീനയില്‍ ചിലിയുടെ അതിര്‍ത്തിയിലായി ഭൂകമ്പം ഉണ്ടായിരുന്നു. ഭൂകമ്പമാപിനിയില്‍ 6.7 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം പടിഞ്ഞാറന്‍ അര്‍ജന്‍റീനയെയും സമീപത്ത് കിടക്കുന്ന ചിലിയുടെ തലസ്ഥാനം സാന്‍റിയാഗോയെയും പിടിച്ചു കുലുക്കി.
അതേസമയം ആള്‍നാശമോ വസ്തു നാശമോ പ്രാഥമിക റിപ്പോര്‍ട്ടില ഇല്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. സാന്‍റിയാഗോയില്‍ നിന്നും 165 മൈല്‍ അകലെ അര്‍ജന്‍റീനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ സാന്‍ യുവാനാണ് പ്രഭവകേന്ദ്രം. അതേസമയം ഭൂകന്പം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് ചിലി പറഞ്ഞത്. ഇത്രയും ശക്തമായ ഭൂചലനം ഉണ്ടായിട്ടും നാശനഷ്ടം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അര്‍ജന്‍റീനിയന്‍ കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha