കളളനോട്ടു നിര്‍മ്മിച്ച ഇന്ത്യന്‍ വംശജന്‍ സിങ്കപ്പൂരില്‍ അറസ്റ്റില്‍

കളളനോട്ടു പ്രിന്റ് ചെയ്ത് ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജന്‍ സിങ്കപ്പൂരില്‍ അറസ്റ്റിലായി. ശശികുമാര്‍ ലക്ഷ്മണന്‍ ആണ് അറസ്റ്റിലായത്. സിങ്കപ്പൂര്‍ കറന്‍സിയാണ് ഇയാള്‍ പ്രിന്റ് ചെയ്തത്. സാമ്ബത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് 5000 സിങ്കപ്പൂര്‍ ഡോളറിലേറെ കടത്തിലായ ഇയാള്‍ 100ന്റെയും, 50ന്റെയും ഏതാനും കറന്‍സികള്‍ സ്വന്തമായി പ്രിന്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സിങ്കപ്പൂര്‍ കറന്‍സിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് യഥാര്‍ഥ കറന്‍സിയുമായി സാമ്യമുളളതായി മനസ്സിലാക്കിയ ഇയാള്‍ യഥാര്‍ഥ കറന്‍സിയുടെ കളര്‍ പ്രിന്റുകള്‍ എടുത്ത് സൂക്ഷ്മതയോടെ ഇരു വശവും ചേര്‍ത്ത് ഒട്ടിക്കുകയായിരുന്നു.
പിറ്റേദിവസം ഈ കളളനോട്ടുമായി അടുത്തുളള ഒരു കടയിലെത്തിയ ഇയാള്‍ അതു നല്‍കി 21.80 സിങ്കപ്പൂര്‍ ഡോളര്‍ വില വരുന്ന രണ്ടു പായ്ക്കറ്റ് സിഗരറ്റ് വാങ്ങി. ബാക്കി 78.20 ഡോളറുമായി ഇയാള്‍ സ്ഥലം വിട്ടതായും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം സ്റ്റോര്‍ സൂപ്പര്‍വൈസര്‍ ഇത് കളളനോട്ടാണെന്നു തിരിച്ചറിയുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. ജൂലൈ 13നായിരുന്നു സംഭവം.
ഇതേത്തുടര്‍ന്ന് ലക്ഷ്മണന്റെ വീട് റെയിഡ് ചെയ്ത പൊലീസിന് ഇയാളുടെ വീട്ടില്‍ നിന്നും കളളനോട്ടുകള്‍ ലഭിച്ചു. കളളനോട്ട് ഉപയോഗിക്കുക, കളളനോട്ട് പ്രിന്റ് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ കൈവശം സൂക്ഷിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശശികുമാര്‍ ലക്ഷ്മണനെ സിങ്കപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്.
https://www.facebook.com/Malayalivartha