പ്രവാസികളുടെ ഇഖാമ പുതുക്കല്‍ അവതാളത്തില്‍

കഴിഞ്ഞ ആഴ്ച തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ടായ വൈറസ് ആക്രമണത്തെ തുടര്‍ന്ന് പ്രവാസികളുടെ ഇഖാമ പുതുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, ബാങ്ക് അക്കൗണ്ട് അപ്‌ഡേഷന്‍ തുടങ്ങിയവയൊക്കെ പത്തുദിവസത്തിലേറെയയായി മുടങ്ങിയിരിക്കുകയാണ്. ഇഖാമ പുതുക്കാനാകാത്തവരുടെ അക്കൗണ്ടുകള്‍ ബാങ്കുകള്‍ നിര്‍ജീവമാക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് ബാങ്കിംങ് ഇടപാടുകള്‍ നടത്താനുകുന്നില്ല.
ഇഖാമ സമയത്ത് പുതുക്കാന്‍ സാധിക്കാത്തതിനാല്‍ പിഴയോ തടവോ തൊഴില്‍ നിരോധനമോ ഉണ്ടാകുമോ എന്ന ഭീതിയിലാണ് പ്രവാസികളായ ജീവനക്കാര്‍. ശാമൂന്‍ വൈറസാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വെബ്‌സൈറ്റിനെ ആക്രമിച്ചത്. നെറ്റ്വര്‍ക്ക് ശൃംഖലയില്‍ നുഴഞ്ഞുകയറി മാസ്റ്റര്‍ ബുക്ക് റെക്കോഡുകള്‍ നശിപ്പിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തന രീതി. ഇതോടെ നെറ്റ്വര്‍ക്കിലുള്ള മുഴുവന്‍ കമ്പ്യൂട്ടറുകളും പ്രവര്‍ത്തിക്കാതെയാകും. വൈറസ് ആക്രമണം നടന്ന് ഒന്‍പത് ദിവസം കഴിഞ്ഞിട്ടും മന്ത്രാലയത്തിലെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ശൂന്യമാണ്. പ്രശ്‌നം പരിഹരിച്ച് പഴയ നിലയിലേക്ക് എത്താന്‍ എന്ന് കഴിയുമെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് മന്ത്രാലയം ജീവനക്കാര്‍ പറയുന്നത്.
സാധാരണ കൃത്യസമയത്ത് ഇഖാമ പുതുക്കാത്തവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ പാസ്‌പോര്‍ട്ട് വിഭാഗം സ്വീകരിക്കാറുണ്ട്. ഇഖാമ കാലാവധി കഴിയുന്നതിന് മൂന്നുദിവസം മുമ്പെങ്കിലും പുതുക്കാത്തവര്‍ക്ക് 500 റിയാല്‍ പിഴ അടക്കേണ്ടിവരും. ഇത് ആവര്‍ത്തിച്ചാല്‍ പിഴ 1,000 റിയാല്‍ ആകും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ നാടുകടത്തലാണ് ശിക്ഷ. നിലവിലെ സാഹചര്യത്തില്‍ എന്താകും എന്ന് കണ്ടറിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha