പ്രവാസികളുടെകൈവശം എല്ലാ സമയങ്ങളിലും നിര്‍ബന്ധമായും ഐ.ഡി ഉണ്ടായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പ്രവാസികളുടെകൈവശം എല്ലാ സമയങ്ങളിലും നിര്‍ബന്ധമായും ഖത്തര്‍ ഐ.ഡി ഉണ്ടായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തെ താമസക്കാരനാണെന്നതിന്റെ ഏക തെളിവ് ഐ.ഡി മാത്രമാണ്. അതിനാലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് പ്രവാസികള്‍ക്ക് നല്‍കിയത്. രാജ്യത്തിന് അകത്തോ പുറത്തുവെച്ചോ ഐ.ഡി. നഷ്ടമായാല്‍ ഉടന്‍ വകുപ്പിനെ അറിയിക്കണമെന്നും പുതിയ ഐ.ഡി. വാങ്ങണമെന്നും നിര്‍ദേശമുണ്ട്. അധികൃതര്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍ ഐ.ഡി. ഹാജരാക്കുകയും വേണം.
ഐ.ഡി രാജ്യത്തിന് പുറത്തുവെച്ചാണ് നഷ്ടമായതെങ്കില്‍ ഏത് രാജ്യത്ത് വെച്ചാണോ നഷ്ടമായത് ആ രാജ്യത്തെ ബന്ധപ്പെട്ട അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് താമസക്കാരന്റെ ഖത്തറിലെ പ്രതിനിധി വഴി അധികൃതര്‍ക്ക് സമര്‍പ്പിക്കണം. 200 റിയാല്‍ ഫീസ് അടച്ച് റിട്ടേണ്‍ പെര്‍മിറ്റ് നേടാം. റിട്ടേണ്‍ പെര്‍മിറ്റുമായി രാജ്യത്ത് പ്രവേശിക്കുന്ന താമസക്കാരന്‍ പെര്‍മിറ്റ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് വകുപ്പില്‍ സമര്‍പ്പിക്കുകയും പുതിയ കാര്‍ഡ് നേടുകയും ചെയ്യണം. അധികൃതരില്‍നിന്നുള്ള റിട്ടേണ്‍പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ തിരികെ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുള്ളൂ.
രാജ്യത്തിന് അകത്തുവെച്ചാണ് ഐ.ഡി. നഷ്ടമാകുന്നതെങ്കില്‍ വ്യക്തി നേരിട്ടോ അല്ലെങ്കില്‍ കമ്പനി പ്രതിനിധിയോ സേവന കേന്ദ്രങ്ങളിലെത്തി ഐ.ഡി.നഷ്ടപ്പെട്ടത് സംബന്ധിച്ച് അപേക്ഷ നല്‍കണം. പുതിയ ഐ.ഡി.ക്കായി 200 റിയാല്‍ ഫീസും നല്‍കണം. രാജ്യത്തെ എല്ലാ അധികൃതര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha