മലയാളിയെ ആക്രമിച്ച് പണവും മൊബൈല്‍ കാര്‍ഡും കവര്‍ച്ച ചെയ്ത അറബ് വംശജര്‍ അറസ്റ്റില്‍

സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ കൊല്ലം സ്വദേശി അബ്ദുല്‍ ഹമീദിനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ കാര്‍ഡും കവര്‍ച്ച ചെയ്ത അറബ് വംശജരെ അറസ്റ്റ് ചെയ്തു. ജിദ്ദ സ്ട്രീറ്റില്‍ ചൈനീസ് റെസ്‌റ്റോറന്റിന് സമീപം പ്രവര്‍ത്തിക്കുന്ന സമര്‍ ബഖാലയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതുമണിയോടെ കാറില്‍ എത്തിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ സ്ഥാപനത്തിനുളളില്‍ കയറി കൗണ്ടറില്‍ നിന്ന് അബ്ദുല്‍ ഹമീദിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഹമീദ് എതിര്‍ത്തപ്പോള്‍ കത്തിയുടെ പിടികൊണ്ട് തലയ്ക്കടിച്ചു. ഇതിനിടെ മേശതുറന്ന് ഉള്ളില്‍ സൂക്ഷിച്ചിരുന്ന പണവും 2,000 റിയാലിന്റെ കാര്‍ഡും കവര്‍ച്ച ചെയ്തു. തുടര്‍ന്ന് പുറത്തു സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെട്ടു.
കാര്‍ വേഗത്തില്‍ തിരിക്കുന്നതിനിടെ സമീപത്തു കിടന്ന വാഹനത്തില്‍ ഇടിക്കുകയും ഈ സമയം സംഘത്തിന്റെ കാര്‍നമ്പര്‍ കുറിച്ചെടുത്ത ഹമീദ് സാമൂഹ്യ പ്രവര്‍ത്തകന്‍ സലീം ആലപ്പുഴയുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ജുബൈല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സംഘത്തെ അറഫിയ ഏരിയയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അബ്ദുല്‍ ഹമീദിനെ സ്‌റ്റേഷനില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.
https://www.facebook.com/Malayalivartha