കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് പ്രവാസി നിക്ഷേപസാധ്യതകള്‍ ആരായണം
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് പ്രവാസി നിക്ഷേപസാധ്യതകള്‍ ആരായണമെന്നാവശ്യപ്പെട്ട് ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് കോഴിക്കോട് ജില്ല പ്രവാസി(യു.എ.ഇ.) നിവേദനം നല്കി. റണ്‍വേ വിപുലീകരണ പ്രവൃത്തികളും റീ കാര്‍പ്പെറ്റിങ് ജോലിയും പൂര്‍ത്തിയായിട്ടും വലിയവിമാനങ്ങളുടെ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ വ്യോമയാനവകുപ്പ് സന്നധമാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണിത്. വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നത് താല്കാലികമായിട്ടായിരുന്നു. വിപുലീകരണത്തിന് വേണ്ടി താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്ന സര്‍വീസുകള്‍ റണ്‍വേ വികസിപ്പിക്കാതെ പുനരാരംഭിക്കാനാകില്ലെന്ന നിലപാടിലാണ് വ്യോമയാനവകുപ്പ് ഇപ്പോള്‍.
കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതുകാരണം മലബാര്‍ ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. വ്യവസായി രാജു മേനോന്, നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ, സംഘടനയുടെ രക്ഷാധികാരി മോഹന്‍ എസ്. വെങ്കിട്ട്, എ.കെ. ഫൈസല്‍, പ്രസിഡന്റ് രാജന് കൊളവിപ്പാലം, സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ്, സി.കെ. ബഷീര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha