ബ്രിട്ടനിൽ വാനും രണ്ടു ട്രക്കുകളും കുട്ടിയിടിച്ച് അപകടം : മരിച്ചവരിൽ രണ്ടുപേർ മലയാളികൾ

ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ എം-1 മോട്ടോർവേയിൽ ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ച എട്ടുപേരും ഇന്ത്യക്കാർ. രണ്ട് മലയാളികളും ആറു തമിഴ്നാട്ടുകാരുമാണ് മരിച്ചത്. ചെറിയ വാനും രണ്ടു ട്രക്കുകളും കുട്ടിയിടിച്ചായിരുന്നു അപകടം. വാൻ ഉടമയും ഡ്രൈവറുമായ പാലാ ചേർപ്പുങ്കൽ കടുക്കുന്നേൽ സിറിയക് ജോസഫ് (ബെന്നി-51), വിപ്രോയിലെ എൻജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (28) എന്നിവരാണ് മരിച്ച മലയാളികൾ
വിപ്രോയിലെ മറ്റ് മൂന്ന് എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. നാലുപേർ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലാണ്. ഇവരാരും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. രക്ഷപ്പെട്ടവരിൽ ഒരാൾ പത്തുവയസിൽ താഴെ പ്രായമുള്ള ഒരു പെൺകുട്ടിയാണ്. ഈ കുഞ്ഞിന്റെ മാതാപിതാക്കൾ അപകടത്തിൽ മരിച്ചു. എന്നാൽ ഒപ്പമുണ്ടായിരുന്ന വല്യമ്മ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.
സമീപകാലത്ത് ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ റോഡപകടമാണ് ഇന്നലെ പുലർച്ചെ പ്രാദേശികസമയം മൂന്നരയോടെ എം-1ൽ ഉണ്ടായത്. മോട്ടോർവേയുടെ സൗത്ത് ബൗണ്ട് കാര്യേജ് വേയിൽ വച്ച് മിനി വാനും രണ്ടു ട്രക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി തേംസ് വാലി പൊലീസ് സ്ഥിരീകരിച്ചു. ട്രക്ക് ഡ്രൈവർമാർ രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്.
പതിനാറു വർഷമായി നോട്ടിങ്ങാമിൽ താമസിക്കുന്ന ബെന്നി ‘എബിസി ട്രാവൽസ്’ എന്നപേരിൽ എയർപോർട്ട്, വിനോദയാത്ര സർവീസ് നടത്തുകയാണ്. ബെന്നിയുടെ വാഹനം വാടകയ്ക്കെടുത്ത് നോട്ടിങ്ങാമിൽനിന്നും ലണ്ടനിലേക്കു വരികയായിരുന്നു വിപ്രോ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും. നാട്ടിൽനിന്നും അടുത്തിടെ ബ്രിട്ടനിലെത്തിയ ഇവരിൽ ചിലരുടെ മാതാപിതാക്കളും സംഘത്തിലുണ്ടായിരുന്നു.
ലണ്ടനിലെത്തി വെബ്ലിയിൽനിന്നും ‘സ്റ്റാർ ടൂർസ് ആൻഡ് ട്രാവൽസ്’ കമ്പനിവഴി അഞ്ചുദിവസത്തെ യൂറോപ്യൻ പര്യടമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ബ്രിട്ടനിൽ ബാങ്ക് ഹോളിഡേ വീക്കെൻഡ് ആയതിനാൽ മൂന്നുദിവസം അവധിയാണ്. ഇതു കണക്കിലെടുത്തായിരുന്നു സംഘത്തിന്റെ പരിപാടികൾ.
നോട്ടിങ്ങാം സിറ്റി ആശുപത്രിയിൽ നഴ്സായ വെളിയന്നൂർ സ്വദേശി ആൻസിയാണ് ബെന്നിയുടെ ഭാര്യ. കോളജ് വിദ്യാർഥിയായ ബെൻസൺ, ബെനീറ്റ എന്നിവർ മക്കളാണ്.
ഏതാനും മാസങ്ങൾക്കുമുമ്പാണ് ഋഷി രാജീവ് എന്ന യുവാവ് വർക്ക് പെർമിറ്റ് വിസയിൽ ഒരു പ്രോജക്ടിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയത്. മൂന്നുദിവസം അവധിയായതിനാൽ വിപ്രോയിലെ സുഹൃത്തുക്കൾക്കൊപ്പം ഋഷിയും യൂറോപ്യൻ പര്യടനത്തിനായി ചേരുകയായിരുന്നു.
കോവൻട്രി, നോട്ടിങ്ങാം, നോർത്താംപ്റ്റൺ, ബർമിങ്ങാം എന്നിങ്ങനെ നാല് ആശുപത്രികളിലാണ് മരിച്ചവരുടെ മൃതദേഹങ്ങളും പരുക്കേറ്റവവരുടെ ചികിൽസയും
https://www.facebook.com/Malayalivartha