തൊഴിൽ തേടി യുഎഇയിലെത്തുന്നവരുടെ എണ്ണം വർധിച്ചു വരുന്ന അവസരത്തിൽ അവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാൻ ഏഴു മാർഗരേഖകൾ ; പുതുമുഖങ്ങൾ ഇത് ശ്രദ്ധിക്കുക

അബുദാബി∙ യുഎഇയിലേയ്ക്ക് തൊഴിൽ തേടിയുള്ള വിദേശികളുടെ വരവ് വര്‍ധിച്ചു കഴിഞ്ഞ വർഷം സ്വകാര്യമേഖലയിലേക്ക് 1.45 ലക്ഷം പേരാണ് പുതുതായി പ്രവേശിച്ചത്. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് വിദേശികളുടെ തൊഴിൽ മേഖലയിലുള്ള പുരോഗതി സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 2016 അവസാനിച്ചപ്പോൾ സ്വാകാര്യ മേഖലയിലെ സ്ത്രീ, പുരുഷ തൊഴിലാളികളുടെ എണ്ണം 50 ലക്ഷത്തോട് അടുത്തതായി അധികൃതർ പറയുന്നു.
44.34 ലക്ഷം പുരുഷന്മാർ ഈ മേഖലയിലുണ്ടെങ്കിൽ സ്ത്രീ തൊഴിലാളികളുടെ തോത് നാലരലക്ഷം കടന്നിട്ടുണ്ട്. യുഎഇയിലെ 3.34 ലക്ഷത്തിലധികമുള്ള തൊഴിൽ, വ്യാപാരസ്ഥാപനങ്ങളിലാണ് ഇവർ ജോലിചെയ്യുന്നത്. 2015 അവസാനിക്കുമ്പോൾ മന്ത്രാലയ കണക്ക് പ്രകാരം 47. 45 ലക്ഷം തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
തൊഴിൽ മേഖലയിലേക്ക് പുതുതായി പ്രവേശിക്കുന്നവർക്ക് അവരുടെ സാമ്പത്തികവും തൊഴിൽപരവുമായ അവകാശങ്ങൾ ലംഘിക്കപ്പെടാ തിരിക്കാൻ ഏഴു മാർഗരേഖകൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
യുഎഇയിലേക്ക് തൊഴില്‍ തേടി വരുന്നവര്‍ ശ്രദ്ധിക്കേണ്ടത്
1. ജോലിക്കുള്ള ഓഫര്‍ ലെറ്റര്‍ കൈവശമുണ്ടാവുക
2. വീസാ ചെലവുകളില്‍ കൃത്യത വരുത്തുക
3. തൊഴില്‍ കരാര്‍ ഓഫര്‍ ലറ്ററുമായി യോജിക്കുന്നൂവെന്നു ഉറപ്പു വരുത്തുക
4. രാജ്യത്ത് എത്തിയ ഉടന്‍ തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കുക. പരാതിയുണ്ടെങ്കില്‍ അധികൃതരെ അറിയിക്കുക
5. രാജ്യത്തിന്റെ തൊഴില്‍ നിയമം പാലിച്ചു ഏതുസമയത്തും തൊഴില്‍ ഉപേക്ഷിക്കാന്‍ സാധിക്കുമെന്നറിയുക.
6. അവകാശങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മന്ത്രാലയത്തില്‍ പരാതിപ്പെടുക
7. തൊഴില്‍ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുക
https://www.facebook.com/Malayalivartha