ഗൾഫിൽ ഇന്ത്യക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് സഹിക്കാനാകാതെ പ്രവാസികൾ

ഗൾഫിൽ ഇന്ത്യക്കാരൻ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കടമ്പകൾ ഏറെ. ഏതാണ്ട് ഒന്നരലക്ഷത്തിലേറെ രൂപ മൃതദേഹം നാട്ടിലെത്തിക്കാൻ ചെലവുവരും. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇതിൽ ചിലവിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. എംബാമിങ്, കാർഗോ ഫീസ്, മൃതദേഹം അടക്കാനുള്ള പെട്ടി, ആംബുലൻസ്, സർട്ടിഫിക്കറ്റ് ഫീസ് എന്നിവ വേറെയും. മിക്ക വിമാനക്കമ്പനികളും മൃതദേഹം കൊണ്ടുപോകുമെങ്കിലും എയർ ഇന്ത്യക്കും എയർ ഇന്ത്യ എക്സ്പ്രസിനും നാട്ടിലേക്ക് കൂടുതൽ സർവിസുള്ളതിനാൽ ഇവരെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. എന്നാൽ എയർ ഇന്ത്യ ഓരോ രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലാണ് മൃതദേഹത്തിന് നിരക്ക് ഇൗടാക്കുന്നത്. യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ തൂക്കം നോക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. അതെ സമയം കുവൈത്ത്, ബഹ്റൈൻ, സൗദി എന്നിവിടങ്ങളിൽ നിശ്ചിത നിരക്കാണ് ഈടാക്കുന്നത്. സൗദിയിൽനിന്ന് ഇൗ നിശ്ചിത നിരക്കിനെക്കാൾ കുറഞ്ഞ ചെലവിൽ സൗദിയ എയർലൈൻസ് മൃതദേഹം ഇന്ത്യയിലെത്തിക്കും. യു.എ.ഇയിൽ ഷാർജയുടെ വിമാനക്കമ്പനിയായ എയർ അറേബ്യ എയർ ഇന്ത്യയെക്കാൾ കുറഞ്ഞ നിരക്കിലും നിബന്ധനകളിൽ ഇളവ് വരുത്തിയും ഇന്ത്യക്കാരോട് അനുഭാവം കാണിക്കുന്നു. ഒരാൾ മൃതദേഹത്തെ അനുഗമിക്കണം എന്നത് ചെലവു കൂട്ടുന്ന നിബന്ധനയാണ്.
തിരക്കേറിയ സീസണിൽ അവസാന നിമിഷം ടിക്കറ്റെടുക്കുമ്പോൾ തോന്നിയ നിരക്കാണ് ഇൗടാക്കുക. മൃതദേഹത്തിനൊപ്പം പോകേണ്ട ആളെന്ന പരിഗണനയൊന്നും ലഭിക്കില്ല. എന്നാൽ, നാട്ടിൽ മൃതദേഹം ഏറ്റുവാങ്ങാൻ ആളെ ചുമതലപ്പെടുത്തുന്ന സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി എത്തിച്ചാൽ ചില രാജ്യങ്ങളിൽ ഇൗ നിബന്ധനയിൽ എയർ ഇന്ത്യ ഇളവ് അനുവദിക്കാറുണ്ട്. പക്ഷേ, നാട്ടിൽനിന്ന് ഇൗ രേഖ സമയത്തിന് കിട്ടാൻ ബുദ്ധിമുട്ടാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ ഇൗ ഇളവും കിട്ടില്ല.
എയർ ഇന്ത്യ ദുബൈയിൽനിന്ന് കേരളത്തിലേക്ക് മൃതദേഹത്തിന് കിലോക്ക് 17 ദിർഹമാണ് (ഏകദേശം 30-0 രൂപ) ഇൗടാക്കുന്നത്. സാധാരണ 100-125 കിലോയാണ് പെട്ടിയടക്കം ഭാരം ഉണ്ടാവുക. കാർഗോ ഫീസ് അടക്കം 2,500 ദിർഹം വരെ (45,000 രൂപ) വരും. അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന അയാട്ടയാണ് വിവിധ സെക്ടറുകളിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള നിരക്ക് നിശ്ചയിക്കുന്നത്.
https://www.facebook.com/Malayalivartha