പ്രവാസികൾ വീട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിന്റെ നിര്‍മ്മാണ മേഖലയെ താങ്ങി നിര്‍ത്തുന്നതില്‍ വിദേശ മലയാളികളുടെ പങ്ക് വളരെ വലുതാണ്. പ്രവാസിയെ സംബന്ധിച്ച് സമയമാണ് വില്ലന്‍. ഒന്നോ രണ്ടോ മാസത്തെ ലീവിനായി നാട്ടിലെത്തുന്ന പ്രവാസിക്ക് ചെയ്തുതീർക്കാൻ ഒത്തിരികാര്യങ്ങൾ ഉണ്ടാകും. ഇതിനിടയില്‍ വീടുവയ്ക്കാൻ ഇറങ്ങിയാലോ... പിന്നെ പറയുകയും വേണ്ട. പിന്നെ അങ്ങോട്ട് സംഘർഷങ്ങളുടെ കാലമാകും. അനുയോജ്യനായ എഞ്ചിനീയറെയോ, ആര്‍ക്കിടെക്ടിനെയോ കണ്ടുപിടിക്കുക, പ്ലാന്‍ വരയ്ക്കുക, അനുമതിക്കായി ഓഫീസുകള്‍ കയറിയിറങ്ങുക. ഭവനവായ്പ എടുക്കുന്നുണ്ടെങ്കിൽ അതിനായി നെട്ടോട്ടമോടുക. എന്നിങ്ങനെ തുടങ്ങി വീടുപണിക്കുള്ള ആദ്യഘട്ട തയ്യാറെടുപ്പുകള്‍ എന്നത് പ്രവാസിയെ സംബന്ധിച്ച് ഒരു ബാധ്യത തന്നെയാണ്. എന്നാലോ അവസാനം ഉദ്ദേശിച്ച കാര്യം പൂർത്തീകരിക്കാനാകാതെ മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് മടങ്ങുകയും ചെയ്യും.
കൃത്യമായ മുന്നൊരുക്കത്തോടെ മാത്രമേ വീടുപണി ആരംഭിക്കാൻ പാടുള്ളു. ഇതിനായി ഒരു തവണ അവധിക്കുവന്ന് അത്യാവശ്യ കാര്യങ്ങളൊക്കെ തയ്യാറാക്കിയതിന് ശേഷം അടുത്ത വരവിന് പണി തുടങ്ങുന്നതാവും നല്ലത്.
എഞ്ചിനീയര്‍മാരോ ആര്‍ക്കിടെക്‌ടോ തയ്യാറാക്കുന്ന പ്ലാനുകളും സ്‌കെച്ചുകളും മനസിലാക്കിയെടുക്കാൻ സാധാരണക്കാരന് കഴിഞ്ഞില്ലെന്ന് വരാം. അതുകൊണ്ട് തന്നെ മനസ്സിൽ കണ്ടത് ഒരുവീട് പണിതു കിട്ടുന്നത് മറ്റൊരു വീട് എന്ന അവസ്ഥയാകും. പലപ്പോഴും ചോദിക്കുമ്പോൾ പണം എണ്ണിക്കൊടുക്കുന്ന ഒരു കറവ പശുവായി മാത്രം മാറും പ്രവാസി. സാങ്കേതികത്തികവും അനുഭവജ്ഞാനവും ഉള്ള ഒരാളെ മേല്‍നോട്ട കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതിലൂടെയും എഞ്ചിനീയറായാലും ആര്‍ക്കിടെക്ടായാലും മികച്ച പ്രൊഫഷണലുകളെ തിരഞ്ഞെടുക്കുന്നതിലൂടെയും ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താം.
https://www.facebook.com/Malayalivartha