അബ്ദുല്‍ റഹീം ഉടൻ ജയിൽ മോചിതനായേക്കും, ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കുന്ന കരാറിൽ എതിർഭാഗം ഒപ്പിട്ടു. ദയാധനമായ ഒന്നരക്കോടി റിയാലിന്റെ ചെക്ക് സൗദി ഗവർണറേറ്റിന് കൈമാറി...!!!

വധശിക്ഷക്ക് വിധിക്കപ്പെട്ട് വർഷങ്ങളായി സൗദി ജയിലില്‍ കഴിയുന്ന മലയാളിയായ അബ്ദുല്‍ റഹീം ഉടൻ തന്നെ ജയിൽ മോചിതനായേക്കും. ദിയാധനം വാങ്ങി അബ്ദുല്‍ റഹീമിന് മാപ്പു നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയുള്ള അനുരഞ്ജന കരാറില്‍ വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകര്‍ തമ്മിലുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ചു. ദയാധനം സ്വീകരിച്ച് അബ്ദുൽ റഹിമിന് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കരാർ. ഇതോടെ അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനം താമസിയാതെ ഉണ്ടാകും.
തിങ്കളാഴ്ച രാവിലെയാണ് ഇരുവിഭാഗവും ഗവര്‍ണറേറ്റിലെത്തി ഉദ്യോഗസ്ഥര്‍ സാക്ഷിയായി കരാറില്‍ ഒപ്പ് വെച്ചത്. എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പം റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും ഗവര്‍ണറേറ്റില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലെത്തിയ മോചനത്തിനായുള്ള ദിയാധനമായ 34 കോടി രൂപയ്ക്ക് തുല്യമായ സൗദി റിയാലിന്റെ ചെക്ക് റിയാദ് ഗവര്‍ണറേറ്റിന് കൈമാറിയിട്ടുണ്ട്. ഇനി കോടതി നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. അതോടെയായിരിക്കും ഏവരും പ്രതിക്ഷയോടെ കാത്തിരിക്കുന്ന റഹീമിന്റെ മോചനം സാധ്യമാകുക.
അനുരഞ്ജന കരാറിൽ ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത നീക്കം. എല്ലാ രേഖകളും പരിശോധിച്ചായിരിക്കും കോടതി സിറ്റിങ്ങിന് സമയം അനുവദിക്കുക. കോടതി സമയം അനുവദിക്കുന്ന ദിവസം വധശിക്ഷ റദ്ദ് ചെയ്യലും മോചനവും ഉള്‍പ്പെടെയുള്ള വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.
സൗദി പൗരന്‍റെ മകന്‍ അനസ് അല്‍ശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹീമിനെ സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. 2006 നവംബര്‍ 28 ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വീസയില്‍ റിയാദിലെത്തിയത്. അന്നേ ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്‌രിയുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
സംഭവ ദിവസം അനസിനെയും കൂട്ടി റഹീം വാനില്‍ റിയാദ് ശിഫയിലെ വീട്ടില്‍ നിന്ന് അസീസിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലില്‍ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്തു പോകാന്‍ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താന്‍ ആവില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലില്‍ എത്തിയപ്പോള്‍ അനസ് വീണ്ടും ബഹളം വെക്കാന്‍ തുടങ്ങി. കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം അനസ് റഹീമിൻ്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ അനസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.
ഇതോടെയാണ് റഹീമിനെതിരെ കുടുംബം തിരിയുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുറഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ട് വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha