കുവൈറ്റില്‍ ഇ-മാധ്യമ നിയമം നിലവില്‍ വന്നു

കുവൈറ്റില്‍ പുതിയ ഇ മാധ്യമ നിയമം നിലവില്‍ വന്നു. ഇലക്‌ട്രോണിക് വാര്‍ത്താ സര്‍വീസ്, ബുള്ളറ്റിനുകള്‍, വാര്‍ത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്‌സൈറ്റുകള്‍ തുടങ്ങിയ മുഴുവന്‍ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പുതിയ മാര്‍ഗരേഖ അടിസ്ഥാനമാക്കി വേണം പ്രവര്‍ത്തിക്കാന്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കിയ നിയമം ഔദ്യോഗിക വിജ്ഞാപനമായി പ്രസിദ്ധീകരിച്ചതോടെയാണു നിയമം പ്രാബല്യത്തിലായത്.
കുവൈത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായുമാണ് പുതിയ ഇലക്‌ട്രോണിക് മാധ്യമ നിയമമെന്നു വാര്‍ത്താവിതരണമന്ത്രി ഷെയ്ഖ് സല്‍മാന്‍ അല്‍ ഹമൂദ് അല്‍ സബാഹ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രസിദ്ധീകരണങ്ങളും രാജ്യത്തിനകത്തു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ലൈസന്‍സ് സമ്പാദിക്കുന്നതിനു മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുവഴി അപേക്ഷിക്കണം. നിലവിലുള്ളവ നിയമവിധേയമാക്കുന്നതിന് ഒരു വര്‍ഷത്തെ സമയപരിധി അനുവദിക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ നിയമനടപടിക്കു വിധേയമാക്കും. തടവ് ഉള്‍പ്പെടെ ശിക്ഷയും ലഭിക്കും.
സമഗ്ര ഇലക്‌ട്രോണിക് മാധ്യമനിയമം പ്രാവര്‍ത്തികമാക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് കുവൈറ്റ്
https://www.facebook.com/Malayalivartha