അബുദാബി നാടകോത്സവം: നാഗമണ്ഡല മികച്ച നാടകം

യു.എ.ഇ.യിലെ കലാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കേരളാ സോഷ്യല്‍ സെന്‍റര്‍ അബുദാബിയുടെ നേതൃത്വത്തില്‍ നടത്തിയ ഭരത്മുരളി നാടകോത്സവത്തിന് തിരശ്ശീല വീണു. നാടക സൗഹൃദം അബുദാബിക്കുവേണ്ടി സുവീരന്‍ സംവിധാനം നിര്‍വഹിച്ച നാഗമണ്ഡലയ്ക്കാണ് മികച്ച നാടകത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. സംവിധായകനായി സുവീരനും തിരഞ്ഞെടുക്കപ്പെട്ടു. സാംകുട്ടി പട്ടംകരി സംവിധാനം നിര്‍വഹിച്ച ശക്തി തിയേറ്റേഴ്‌സിന്റെ കവിയച്ഛനാണ് മികച്ച രണ്ടാമത്തെ നാടകം. മുസഫ എന്‍.പി.സി.സി.ക്ക് വേണ്ടി ശശിധരന്‍ നടുവില സംവിധാനം നിര്‍വഹിച്ച കിഴവനും കടലും നാടകം പ്രത്യേക ജൂറി പുരസ്‌കാരത്തിനര്‍ഹമായി.
തിയേറ്റര്‍ ദുബായിക്ക് വേണ്ടി തൃശ്ശൂര്‍ ഗോപാല്‍ജി സംവിധാനം നിര്‍വഹിച്ച തിരസ്‌കരണിയിലെ അഭിനയമികവിന് ഷാജഹാന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
ജോയ്മാത്യുവിന്റെ രചനയില്‍ എ. രത്‌നാകരന്‍ സംവിധാനം ചെയ്ത യുവകലാസാഹിതിയുടെ മധ്യധരണ്യാഴി നാടകത്തിലെ അഭിനയത്തിന് ദേവി അനില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. കവിയച്ഛനിലെ അഭിനയത്തിന് പ്രകാശന്‍ തച്ചങ്ങാട് മികച്ച രണ്ടാമത്തെ നടനായും നാഗമണ്ഡലയിലെ അഭിനയത്തിന് മെറിന്‍ മേരിഫിലിപ്പിനെ മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. കല അബുദാബിക്ക് വേണ്ടി ജിനോജോസഫ് സംവിധാനം നിര്‍വഹിച്ച മത്തിയിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള പുരസ്‌കാരം ഗോപികാ ദിനേശും രംഗപടത്തിന് മധു കണ്ണാടിപ്പറമ്പും അര്‍ഹരായി. മഞ്ജുളന്റെ മഴപ്പാട്ടിന് ചമയമൊരുക്കിയ പവിത്രന്‍ ചമയത്തിനുള്ള പുരസ്‌കാരവും പശ്ചാത്തല സംഗീതത്തിന്റെ പുരസ്‌കാരം തിരസ്‌കരണിയുടെ വിനുജോസഫും ദീപവിതാനത്തിനുള്ള പുരസ്‌കാരം നാഗമണ്ഡലയുടെ സജ്ജാദും നേടി. യു.എ.ഇ.യില്‍ നിന്നുള്ള മികച്ച സംവിധായകനായി മാസ്റ്റര്‍ പീസിന്റെ സംവിധാനം നിര്‍വഹിച്ച സാജിദ് കൊടിഞ്ഞിയും അര്‍ഹനായി.
ഏകാങ്ക നാടകരചനാ മത്സരത്തില്‍ മധു പറവൂരിന്റെ 'ചെന്നായ്ക്കള്‍ കാത്തിരിക്കുന്നു' എന്ന നാടകം ഒന്നാംസ്ഥാനവും ഷാജി സുരേഷ് ചാവക്കാടിന്റെ 'അച്ഛന്റെ സുന്ദരിക്കോത' രണ്ടാം സ്ഥാനവും നേടി.
ഇന്ത്യയിലെ ഏത് പ്രശസ്തമായ നാടകോത്സവത്തോടും കിടപിടിക്കുന്ന തരത്തിലാണ് അബുദാബി നാടകോത്സവമെന്ന് വിധികര്‍ത്താവായ എ.കെ.നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. ഡോ.പി.കെ. നമ്പ്യാരും സന്ധ്യാ രാജേന്ദ്രനുമാണ് നാടകങ്ങള്‍ക്ക് വിധിയെഴുതിയത്. മികച്ച നാടകത്തിന് 10,000 ദിര്‍ഹവും രണ്ടാമത്തെ നാടകത്തിന് 5,000 ദിര്‍ഹവും മികച്ചനടന്‍, നടി എന്നിവര്‍ക്ക് 2,000 ദിര്‍ഹവുമാണ് സമ്മാനങ്ങള്‍. മൊത്തം പതിന്നാല് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിനിമാതാരം രാജേന്ദ്രന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ അഹല്യ എക്‌സ്‌ചേഞ്ച് മാനേജര്‍ വി.എസ്.തമ്പി, യു.എ.ഇ. എക്‌സ്‌ചേഞ്ച് മീഡിയവിഭാഗം തലവന്‍ കെ.കെ. മൊയ്തീന്‍കോയ, സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വിധികര്‍ത്താക്കള്‍ക്കുള്ള പുരസ്‌കാരം കെ.എസ്.സി. പ്രസിഡന്‍റ് എം.യു. വാസു സമ്മാനിച്ചു. വൈസ്പ്രസിഡന്‍റ് സുനീര്‍, സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കലാവിഭാഗം സെക്രട്ടറി രമേഷ്‌രവി നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha