ടൂറിസം മേഖലയില്‍ പുതിയതായി അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ടൂറിസം മേഖലയ്ക്ക് ഇനി വളര്‍ച്ചയുടെ നാളുകള്‍. ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ വിനോദസഞ്ചാര മേഖലക്ക് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഇന്‍വെസ്റ്റ് ഇന്‍ ഒമാന്‍ സമ്മേളനം വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയിലധികമാക്കാനുള്ള കര്‍മപദ്ധതികളും സമ്മേളനത്തിന്റെ അവസാന ദിവസം അവതരിപ്പിച്ചു. ഇതുവഴി ടൂറിസം രംഗത്ത് നേരിട്ടും അല്ലാതെയുമുള്ള അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.
ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ ടൂറിസം മേഖലയുടെ പങ്ക് ആറു മുതല്‍ പത്തു ശതമാനം വരെയാക്കും. ടൂറിസം രംഗത്ത് 1200ഓളം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കും. സ്വദേശി സംരംഭകരെ വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളും ലഭ്യമാകും. ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ജനറല്‍ യൂനിയന്‍ ഓഫ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ്, ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രിക്കള്‍ചര്‍ ഫോര്‍ അറബ് കണ്‍ട്രീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാജ്യത്തെ നിക്ഷേപാവസരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ഗ്രാന്റ് മില്‌ളെനിയം ഹോട്ടലില്‍ സമ്മേളനം സംഘടിപ്പിച്ചത്.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒമാനിലെ നിക്ഷേപാന്തരീക്ഷത്തെയും രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടിനെയും സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളെയും പ്രകീര്‍ത്തിച്ചു. ഒമ്പതാമത് പഞ്ചവത്സര പദ്ധതിയിലെ വിവിധ വിഭാഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. വ്യവസായം, ഗതാഗതം, ചരക്കുനീക്കം, ഭക്ഷ്യസുരക്ഷ, ഖനനം, ടൂറിസം മേഖലകളിലെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഡെവലപ്‌മെന്റല്‍ സ്ട്രാറ്റജി 2040ഉം സമ്മേളനം വിശകലനം ചെയ്തു.
സമ്പദ്ഘടനയെ എണ്ണയുടെ ആശ്രിതത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഡെവലപ്‌മെന്റല്‍ സ്ട്രാറ്റജി 2040 നടപ്പാക്കുന്നത്. വിവിധ ഗവര്‍ണറേറ്റുകളില്‍ വ്യവസായ എസ്‌റ്റേറ്റുകളും ഫ്രീസോണുകളും സ്ഥാപിക്കുന്നത് എണ്ണയിതര വരുമാനമേഖലയുടെ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ഇവര്‍ക്ക് ഇന്‍സെന്റീവുകള്‍, നികുതിയിളവുകള്‍ എന്നിവ നല്‍കുന്നതിനൊപ്പം ചരക്കുനീക്കത്തിന് ദുകം, സൊഹാര്‍, സലാല തുറമുഖങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. സമ്മേളനം വ്യാഴാഴ്ച്ച സമാപിച്ചു.
https://www.facebook.com/Malayalivartha