വിദേശികളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കാന്‍ ഒരുങ്ങി കുവൈത്ത്, ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കും

കുവൈത്തില്‍ വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിനു ആഭ്യന്തര മന്ത്രാലയം അതിശക്തമായ നടപടികള്‍ക്കൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിലവിലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശ്ശനമാക്കുന്നതോടൊപ്പം വിസ ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുവാനും മന്ത്രാലയം തയ്യാറെടുക്കുന്നതായി താമസ കുടിയേറ്റ വിഭാഗം ഡയരക്റ്റര്‍ ജനറല്‍ തലാല്‍ അല്‍ മ'അറഫിയെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.
അത്യന്തം അപകടകരമായ രീതിയില്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വിദേശികളുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കുടിയേറ്റ താമസ വിഭാഗം മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅറഫി പുറപ്പെടുവിച്ച പ്രസ്താവനയാണ് ഇന്ത്യക്കാരെയും ദോഷകരമായി ബാധിക്കുന്ന ഈ വിവരത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
രാജ്യത്തെ ജനസംഖ്യ 42 ലക്ഷം കവിഞ്ഞതായും ഇതില്‍ 27 ലക്ഷവും വിദേശികളാണെന്നും ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി ഇക്കാര്യം പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ മുഖ്യ പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാട്ടണമെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം 9 ലക്ഷം കവിഞ്ഞ കാര്യവും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വഴി വിദേശികളുടെ എണ്ണം 30 ശതമാനം നിയന്ത്രിക്കാന്‍ സാധിച്ചതായും അടുത്ത ഘട്ടത്തില്‍ ഇത് 80 ശതമാനമാണ് ലക്ഷ്യമിടുന്നതെന്നും മഅറഫി അറിയിച്ചു. വിദേശികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നതിനു ഏര്‍പ്പെടുത്തിയ കുറഞ്ഞ ശമ്ബള പരിധി കര്‍ശ്ശനമാക്കുന്നതോടൊപ്പം പ്രായം കൂടിയവര്‍ക്കുള്ള സന്ദര്‍ശക വിസ നിര്‍ത്തലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സന്ദര്‍ശക വിസയില്‍ എത്തുന്ന പ്രായം കൂടിയ സന്ദര്‍ശകര്‍ വിമാനതാവളത്തില്‍ നിന്നും നേരെ ആശുപത്രിയിലേക്ക് പോകുന്ന പ്രവണതയാണ് കണ്ടു വരുന്നത്. രാജ്യത്തെ കുറഞ്ഞ ചിലവിലുള്ള സര്‍ക്കാര്‍ ചികില്‍സ സംവിധാനം ദുരുപയോഗപ്പെടുത്തുവാനാണ് മിക്ക വിദേശികളും പ്രായമായ തങ്ങളുടെ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ എത്തിക്കുന്നതെന്നും മഅറഫി ആരോപിച്ചു. വിദേശികള്‍ക്ക് വിസ ഫീസ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ അടുത്ത പാര്‍ലമെന്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിയിച്ചു.
https://www.facebook.com/Malayalivartha