ഇന്ത്യന്‍ എംബസിയുടെ അനാസ്ഥ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ അനാഥമായി കിടക്കുന്നു

ഇന്ത്യന്‍ എംബസിയുടെ അനാസ്ഥ കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ അനാഥമായി കിടക്കുന്നു. സൗദിയില്‍ മാത്രം 180 മൃതദേഹങ്ങളാണ് ആരും ഏറ്റെടുക്കാനില്ലാതെ കിടക്കുന്നത്. ഏറെയും ബിഹാര്‍, ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് . ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത് എംബാം ചെയ്താണ് മൃതശരീരം സൂക്ഷിക്കുന്നത്.
മൂന്നു വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും സൗദിയിലുണ്ടെന്നാണു വിവരം. ദുബായ്, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും അനാഥ മൃതദേഹങ്ങള്‍ കിടപ്പുണ്ടെന്ന് പ്രവാസികള്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ കേരളത്തിലെ പ്രവാസികള്‍ക്കും ഈ ദുരനുഭവം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മലയാളി സംഘടനകളുടെ സഹായം കൊണ്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നുണ്ട്.
ഇന്ത്യയിലേക്ക് ഒരു മൃതദേഹം കൊണ്ടുവരുന്നതിന് തൂക്കം നോക്കിയാണ് ചെലവ് നിശ്ചയിക്കുന്നത്. ഒരു മൃതദേഹത്തിന് ഒരു കിലോ തൂക്കത്തിന് എയര്‍ ഇന്ത്യയ്ക്ക് അടയ്‌ക്കേണ്ടത് 18 ദിര്‍ഹ(360 രൂപ)മാണ്. അത് അടയ്ക്കാന്‍ ഇന്ത്യന്‍ എംബസി പലപ്പോഴും തയ്യാറാകുന്നുമില്ല.
സൗദി സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ ദിവസങ്ങള്‍ക്കകം തന്നെ പൂര്‍ത്തികരിക്കും. എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍ പലപ്പോഴും നടപടികള്‍ െവെകും. ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നുകോടി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, അവര്‍ ഏതൊക്കെ മേഖലകളില്‍ ജോലി ചെയ്യുന്നു തുടങ്ങിയ വിവരങ്ങളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ കൈയിലില്ല. വിദേശ രാജ്യങ്ങളിലുള്ളവരുടെ കണക്കുകളും മറ്റും വിവരങ്ങളുമടങ്ങുന്ന ഡേറ്റ ബാങ്ക് രൂപീകരിക്കാന്‍ പലതവണ പ്രവാസിസംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഒരു സാധാരണ പ്രവാസിക്ക് പ്രശ്‌നമുണ്ടായാല്‍ ലേബര്‍ കോടതിയില്‍ പോകാനും സംഘടനകളെ സമീപിക്കാനും കഴിയും. എന്നാല്‍, വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്കും മറ്റും പൊതുസമൂഹവുമായി ഇടപെടാന്‍ കഴിയില്ല. ഇതിനു പരിഹാരമായി ഇവരുടെ പട്ടിക തയാറാക്കി ആറുമാസത്തിനിടെ വിവരങ്ങള്‍ അന്വേഷിക്കണമെന്ന നിര്‍ദേശമാണ് സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്.
വിദേശത്ത് ജോലിക്കു പോകുന്ന എണ്‍പതു ശതമാനം പ്രവാസികളും നിര്‍മാണ മേഖലയിലാണ് തൊഴില്‍ ചെയ്യുന്നത്. അപകട സാധ്യത കുടുതലുള്ള ഇത്തരം മേഖലകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ നാലിന് ഡല്‍ഹിയില്‍ ഏകതാ പ്രവാസി എന്ന സംഘടന ഉപവാസ സമരം നടത്തും.
https://www.facebook.com/Malayalivartha