സൗദിയില്‍ പൊതുമാപ്പിന്റെ കാലാവധി ഇന്നു മുതല്‍ അനധികൃത താമസക്കാര്‍ക്കു രാജ്യം വിടാന്‍ മൂന്നു മാസം, ഇന്ത്യാക്കാരെ സഹായിക്കുന്നതിന് എംബസി ഒരുക്കങ്ങള്‍ തുടങ്ങി

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നു മുതല്‍ ആരംഭിക്കും. അനധികൃത താമസക്കാര്‍ക്കു രാജ്യം വിടാന്‍ മൂന്നു മാസം കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളില്‍ രാജ്യം വിടാത്ത നിയമലംഘകര്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും.
ഈ മാസം ഇരുപതിനു പ്രഖ്യാപിച്ച പൊതുമാപ്പാണ് ഇന്നു പ്രാബല്യത്തിലാകുന്നത്. ഹജ്, ഉംറ, സന്ദര്‍ശക, ട്രാന്‍സിറ്റ് വിസകളില്‍ രാജ്യത്തെത്തിയ ശേഷം കാലാവധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍, പൊതുമാപ്പ് പ്രഖ്യാപിച്ചതിനു മുമ്പായി കാലാവധി അവസാനിച്ച താമസാനുമതി രേഖ (ഇഖാമ)യുള്ളവര്‍, പൊതുമാപ്പ് പ്രഖാപിക്കുന്നതിനു മുമ്പ് തൊഴില്‍ വിസയില്‍ സൗദിയിലെത്തി ഇഖാമ ലഭിക്കാത്തവര്‍, അനുമതിപത്രമില്ലാതെ ഹജ് നിര്‍വഹിച്ച് നിയമലംഘകരായവര്‍, നുഴഞ്ഞുകയറ്റക്കാര്‍, സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയെന്നു (ഹുറൂബ്) പ്രഖ്യാപിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം.
തൊഴിലുടമയെക്കുറിച്ച് വിവരങ്ങള്‍ അറിയാത്തതിനാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഹുറൂബാകാത്ത, അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ (ഫ്രീ വിസക്കാര്‍) എന്നിവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യാക്കാരെ സഹായിക്കുന്നതിന് എംബസി ഒരുക്കങ്ങള്‍ ആരംഭിച്ചു .ഇതിന്റെ ഭാഗമായി 20 സ്ഥലങ്ങളില്‍ സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് പറഞ്ഞു. പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് സേവാകേന്ദ്രം തുടങ്ങുക. നിയമലംഘകരായി തങ്ങുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ സാഹചര്യം ഒരുക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതികളാണ് എംബസി നടപ്പാക്കുന്നത്.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്ത നിയമലംഘകര്‍ക്ക് സേവാകേന്ദ്രവുമായി ബന്ധപ്പെടാം. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ ഇന്ത്യന്‍ എംബസിയില്‍ നേരിട്ടെത്തിയാല്‍ ഔട്ട് പാസുകള്‍ നല്‍കും. ഹുറൂബായി പ്രഖ്യാപിക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ടുകള്‍ എംബസിയില്‍ എത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം.
സൗദി വിദേശകാര്യ മന്ത്രാലയം വഴി എംബസിക്ക് ലഭിച്ച ഹുറൂബായവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വെബ്‌െസെറ്റില്‍ അപ്‌ലോഡ് ചെയ്യും ഈ പട്ടിക നോക്കിയശേഷമേ ഔട്ട് പാസ് എടുക്കാവൂ എന്നും അഹമ്മദ് ജാവേദ് പറഞ്ഞു. ട്രാഫിക് പിഴയുള്ളവര്‍ അത് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ഇടനിലക്കാരില്ലാതെ എംബസിയുമായി നേരിട്ട് ബന്ധപ്പെടണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha