ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാത്ത രക്ഷിതാക്കള്‍ കുറ്റക്കാര്‍: ഡോ. കെ. ആര്‍. ജയചന്ദ്രന്‍

റിയാദ്: കുട്ടികളിലെ സോഷ്യല്‍ മീഡിയകളില്‍ ചെലവഴിക്കുന്ന സമയം ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണെന്നും ഇതില്‍ ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്താത്ത രക്ഷിതാക്കളാണ് കുറ്റക്കാരെന്നും പ്രശസ്ത വിദ്യാഭ്യാസ മനഃശ്ശാസ്ത്രകാരന്‍ ഡോ.കെ.ആര്‍.ജയചന്ദ്രന്‍
ആഭിപ്രായപ്പെട്ടു. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആലിയ ഫുഡ്‌സിന്റെ സഹകരണത്തോടെ സംഘടപ്പിച്ച 'ഇഫക്ടീവ് പാരന്റിങ്ങ്' സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്കളുടെ ആവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയുകയും 'നോ' പറയേണ്ടിടത്ത് 'നോ' പറയുകതന്നെ ചെയ്യുകയും ചെയ്യുമ്പോഴാണ് രക്ഷാകര്‍തൃത്വം കാര്യക്ഷമമാകുന്നത്. പരാജയങ്ങളില്‍ കുട്ടിയുടെ കൂടെ നില്‍ക്കുകയും ആത്മവിശ്വാസം പകര്‍ന്ന് നല്‍കുകയും ചെയ്യുകയെന്നത് രക്ഷിതാവിന്റെ നിര്‍ബന്ധിത കടമയാണ്. അതേസമയം വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സമയവും സൈബര്‍ ലോകത്താണെന്ന് പരാതിപ്പെടും മുമ്പ് അവര്‍ക്ക് ദുരുപയോഗത്തിന് സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത തന്റെ ചെയ്തികളില്‍ പിശകൊന്നുമില്ലേയെന്ന് രക്ഷിതാവ് ആത്മ പരിശോധന നടത്തിയേ മതിയാവൂ ഡോ. ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
അധ്യാത്മിക മൂല്യങ്ങള്‍ ചെറുപ്പത്തിലേ കുട്ടികളില്‍ രൂപപ്പെടുത്തിയെടുക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധചെലുത്തണമെന്ന് സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയ കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ.അബ്ദുല്‍സലാം ഉമര്‍ പറഞ്ഞു. മാറുന്ന കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാതെ പറ്റില്ല. ആധുനീകരണത്തോടൊപ്പം സംഭവിക്കുന്ന മൂല്യ നിരാസത്തിന്റെ സാമൂഹിക മലിനീകരണം പ്രതിരോധിക്കുന്നതിനായി മക്കളില്‍ മത മാനവിക മൂല്യങ്ങള്‍ ഉയര്‍ന്നുവരുന്നു എന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തിയേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.
മലയാളം, ഉര്‍ദു സെഷനുകളിലായി നടന്ന സെമിനാര്‍ അലിഫ് എഡുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.പി.അലികുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍, സ്‌കൂള്‍ സി. ഇ. ഒ മഹ്മൂദ് അബ്ബാസ്, ആലിയ ഫുഡ്‌സ് ഓപ്പറേഷന്‍ മാനേജര്‍ റഫീഖ് മലയില്‍, ആലിയ പാര്‍ട്ണര്‍ മുജീബുറഹ്മാന്‍ കോതമംഗലം എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.
സി. ശൈജല്‍ മോഡറേറ്ററായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ ഷംസീര്‍ സ്വാഗതവും ഉനൈസ് നന്ദിയും പറഞ്ഞു. 2013-2014 അധ്യയന വര്‍ഷത്തില്‍ സ്‌കൂളില്‍ നിന്നും ഉന്നതമാര്‍ക്ക് വാങ്ങിയ താനിയ, ഫാത്തിമ റഷ, ഖോല ഹബീബ്, യാസ്മിന്‍ ബീഗം, റിദ ഫാത്തിമ, ഹജര്‍ അഹമ്മദ്, ഇഖ്‌റ, സന മുഹമ്മദ്, ഹുസ്‌ന അബ്ദുറഹ്മാന്‍ എന്നീ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.
വാര്‍ത്ത അയച്ചത് അക്ബര്‍ പൊന്നാനി
https://www.facebook.com/Malayalivartha