'ദുബായ് സ്പീക്‌സ് റ്റു യൂ' പദ്ധതിക്ക് തുടക്കമായി

'ബ്രാന്‍ഡ് ദുബായി'യുടെ ആദ്യ സംരംഭം 'ദുബായ് സ്പീക്‌സ് റ്റു യൂ' പദ്ധതിക്ക് തുടക്കമായി. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലായി തുറന്ന ഇടങ്ങളില്‍ മികച്ച കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന പദ്ധതിയാണിത്. ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
യു.എ.ഇ. കലാകാരന്മാരുടെ മികച്ച സൃഷ്ടികള്‍ നഗരത്തിന്റെ വിവിധ ഇടങ്ങളിലായി പ്രദര്‍ശിപ്പിക്കും. ചിത്രങ്ങള്‍, ശില്പങ്ങള്‍, ഫോട്ടോകള്‍, ഗ്രാഫിക് ഡിസൈനുകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിനായി പരിഗണിക്കും.
ഇതിനായി ദുബായ് ബ്രാന്‍ഡ് അധികൃതര്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളായ ഇമാര്‍, നഖീല്‍, മൈതാന്‍, ദുബായ് ഹോള്‍ഡിങ് തുടങ്ങിയവയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇവരുടെ നിയന്ത്രണത്തിലുള്ള സുപ്രധാന ഇടങ്ങളില്‍ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനാണ് ധാരണ. രാജ്യത്തെ മികച്ച കലാകാരന്മാരെയെല്ലാം പദ്ധതിയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ദുബായ് മീഡിയ ഓഫീസ് ആണ് 'ബ്രാന്‍ഡ് ദുബായ്' യാഥാര്‍ഥ്യമാക്കുന്നത്.
https://www.facebook.com/Malayalivartha