പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനിലെ വിസാ നിരോധനം; കമ്പനികള്‍ റിക്രൂട്ടിംഗ് സംവിധാനം പരിഷ്‌കരിച്ചേക്കും

ഒമാനില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം മലയാളികളടക്കമുളള പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്നു. പുതിയ സാഹചര്യത്തില്‍ കമ്പനികള്‍ തങ്ങളുടെ റിക്രൂട്ടിങ് സംവിധാനം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ഒരിക്കല്‍ ഒമാനില്‍ ജോലിചെയ്ത് നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് രണ്ടുവര്‍ഷത്തേക്കാണ് വിസ നിരോധനം ഏര്‍പ്പെടുത്തിയത്. ഒമാനില്‍ ജോലി വിട്ട് മടങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷം വിസാ നിരോധനമേര്‍പ്പെടുത്തുമെന്ന പ്രഖ്യാപനമാണ് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. തൊഴില്‍ വിട്ട് മടങ്ങുന്നവര്‍ക്ക് മടങ്ങിയതു മുതല്‍ രണ്ടുവര്‍ഷത്തേക്കാണ് വിലക്ക്. 2006 വരെ നിലവിലുണ്ടായിരുന്ന നിയമമാണ് വീണ്ടും കൊണ്ടുവരുന്നതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. വിസ കാലാവധി അവസാനിച്ചാണോ ഇടയ്ക്ക് വെച്ചാണോ മടങ്ങുന്നത് എന്നത് വിസാ നിരോധനത്തില്‍ വിഷയമല്ല. ഇനി മുതല്‍ നേരത്തെ തൊഴിലെടുത്തിരുന്ന കമ്പനികളിലേക്ക് മാത്രമേ രണ്ടുവര്‍ഷ നിരോധനം ബാധകമാകാതെ വീണ്ടും വരാനാകൂ എന്നതാണ് നിയമം. രണ്ടുവര്‍ഷമെന്ന കാലയളവില്‍ ഇളവ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സ്‌പോണ്‍സറുടെ എന്‍.ഒ.സി ലഭിച്ചാല്‍ തൊഴില്‍ മാറാനാകുമോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. സ്‌പോണ്‍സറുടെ എന്‍.ഒ.സി ഉണ്ടെങ്കില്‍ പഴയ നിയമപ്രകാരം തൊഴില്‍മാറ്റം സാധ്യമാകുമായിരുന്നു. ഇത്തവണ ഇതുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ ജോലി രാജിവെച്ച് നില്‍ക്കുന്നവര്‍ ജൂലൈ ഒന്നിന് മുമ്പ് പുതിയ വിസ കരസ്ഥമാക്കണമെന്നും അറിയിച്ചിട്ടുണ്ട്. വിദേശി തൊഴിലാളികളുടെ ശതമാനം 39 ല്‍ നിന്ന് 33 ആക്കി കുറയ്ക്കുന്നതിനായി സ്വീകരിച്ച നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. 40 ലക്ഷമുള്ള ഒമാനിലെ ജനസംഖ്യയില്‍ 44 ശതമാനവും വിദേശികളാണ്. ഐ.ടി, അക്കൗണ്ടിംഗ്, സ്വകാര്യ വിദ്യാഭ്യാസ മേഖല തുടങ്ങിയ രംഗങ്ങളിലാണ് വിദേശികള്‍ കൂടുതലായി ജോലി ചെയ്യുന്നത്. എണ്ണ, വാതക മേഖലയിലാണ് ഏറ്റവും കുറവ്. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒമാനില്‍ ജോലിക്കത്തെി ആറുമാസത്തിന് ശേഷം മാത്രമേ കുടുംബത്തെ കൊണ്ടുവരാനാകൂ. രണ്ടുവര്‍ഷ വിസ നിരോധനം തൊഴില്‍മേഖലയില്‍ മെച്ചപ്പെട്ട പ്രതിഫലനം സൃഷ്ടിക്കുമെന്നാണ് തൊഴിലുടമകളുടെ പ്രതികരണം. പുതിയ സാഹചര്യത്തില്‍ റിക്രൂട്ടിങ് സംവിധാനം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ഒമാനിലെ വിവിധ കമ്പനികള്‍.
https://www.facebook.com/Malayalivartha