പുസ്തകോത്സവവും റംസാന്‍ ആഘോഷവും: എക്‌സ്പോ സെന്ററില്‍ തിരക്കേറുന്നു

റംസാന്‍മാസത്തിന്റെ ഭാഗമായി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ആഘോഷത്തിനും ഇസ്ലാമിക പുസ്തകോത്സവത്തിനും ജനത്തിരക്കേറുന്നു. നിരവധി ഇസ്ലാമിക പൈതൃക ആഘോഷങ്ങളും സാംസ്‌കാരിക പരിപാടികളും ഉള്‍ക്കൊള്ളുന്ന റംസാന്‍ ആഘോഷം ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ചത് ജൂണ്‍ 28-നായിരുന്നു. റംസാന്‍മാസം അവസാനിക്കുന്നതുവരെ നടക്കുന്ന വിനോദപരിപാടികള്‍ വീക്ഷിക്കാന്‍ സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് ദിനംപ്രതി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.
രാത്രി എട്ടരമുതല്‍ പുലര്‍ച്ച ഒന്നരവരെ നീണ്ടുനില്‍ക്കുന്ന ആഘോഷം അവധിദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ രണ്ടുമണിവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പുണ്യമാസത്തിന്റെ എല്ലാ പ്രാധാന്യങ്ങളും ഉള്‍ക്കൊണ്ടാണ് എക്‌സ്‌പോ സെന്ററില്‍ റംസാന്‍ ആഘോഷങ്ങളും മറ്റ് അനുബന്ധപരിപാടികളും സംഘടിപ്പിച്ചിരിക്കുന്നതെന്ന് എക്‌സ്‌പോ സെന്റര്‍ സി.ഇ.ഓ. സൈഫ് മുഹമ്മദ് അല മിദ് ഫ പറഞ്ഞു.
എക്‌സ്‌പോ സെന്ററില്‍ ഇസ്ലാമിക പുസ്തകോത്സവവും ആരംഭിച്ചുകഴിഞ്ഞു. ലോകത്തിലെ 12 രാജ്യങ്ങളില്‍നിന്നായി 128-ഓളം പ്രമുഖ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസ്മിയാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. റംസാന്‍ ആഘോഷവും പുസ്തകോത്സവവും വീക്ഷിക്കാനായി ഇതിനകം 33,000 സന്ദര്‍ശകര്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ എത്തിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
കുടുംബങ്ങളായെത്തുന്ന സന്ദര്‍ശകര്‍ക്ക് പുണ്യ മാസത്തിന്റെ പ്രാധാന്യവും ത്യാഗസമ്പന്നതയും വിശദമാക്കുന്ന നിരവധി അനുബന്ധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നൂറോളം കമ്പനികള്‍ അവരുടെ ഉദ്പന്നങ്ങളുമായി ഇവിടെ റംസാന്‍ ആഘോഷത്തിന്റെ പ്രദര്‍ശനം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ലോകത്തിലെ പ്രമുഖരായ പാചകവിദഗ്ധരുടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി നിരവധി ഭക്ഷണപദാര്‍ത്ഥങ്ങളും എക്‌സ്‌പോ സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നു. കുട്ടികള്‍ക്കായി ഒരുക്കിയ റംസാന്‍ മാര്‍ക്കറ്റുകള്‍, ആര്‍ട്ട് ബസാറുകള്‍, ഗെയിമുകള്‍, ശില്പശാലകള്‍ എന്നിവയും കാണാന്‍ തിരക്കനുഭവപ്പെടുന്നു.
https://www.facebook.com/Malayalivartha