ഗിന്നസ് ലക്ഷ്യമിട്ട് \'ചാരിറ്റി ബോക്‌സ്\'

ദാനംചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുക എന്ന സന്ദേശവുമായി റംസാന്‍ നാളില്‍ ഷാര്‍ജയില്‍ സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി ചാരിറ്റി ബോക്‌സ് സ്ഥാപിക്കുന്നു.
ഷാര്‍ജ ബുഹൈറ കോര്‍ണിഷിലെ അല്‍ നൂര്‍ പള്ളിക്കടുത്തായിരിക്കും ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യപ്പെട്ടി വെക്കുന്നത്. പെട്ടിയുടെ വലിപ്പം ഇതുവരെ പരസ്യമാക്കിയിട്ടില്ല. ജൂലായ് 25-ന് വൈകിട്ട് ആറരയ്ക്ക് പെട്ടി സ്ഥാപിക്കും. റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണലുമാണ് ക്ലോറോഫില്‍ ഇവന്റ്‌സിന്റെ സഹകരണത്തോടെ ജോയ് ഓഫ് ഗിവിങ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വസ്ത്രങ്ങള്‍, ബാഗുകള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി എന്തും പെട്ടിയില്‍ നിക്ഷേപിക്കാം. വ്യവസായികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇതില്‍ ഭാഗഭാക്കാകാം. പെട്ടി ഒരാഴ്ച അല്‍നൂര്‍ പള്ളി പരിസരത്ത് ഉണ്ടാകും. ദാനത്തിന്റെയും പങ്കുവെക്കലിന്റെയും സന്തോഷം പങ്കിടാനും ഈ സന്ദേശം ആഗോളതലത്തില്‍ എത്തിക്കാനുമാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ജമാല്‍ സഈദ് ബുസിന്‍ജല്‍, ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഡയറക്ടര്‍ അലി മുഹമ്മദ് അല്‍ റാഷിദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാലുമീറ്റര്‍ വലിപ്പമുള്ളതാണ് നിലവില്‍ ഗിന്നസില്‍ സ്ഥാനംപിടിച്ചിട്ടുള്ള ജീവകാരുണ്യപ്പെട്ടി. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഷാര്‍ജയിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും തുറന്ന അലമാരകള്‍ സ്ഥാപിക്കും. ഇവ ശേഖരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. അയ്യായിരം പേര്‍ക്ക് ഇഫ്താറും ഒരുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha