പുതിയ വിസ സമ്പ്രദായം യു.എ.ഇ. വിനോദസഞ്ചാരത്തിന് ഉണര്‍വേകും

യു.എ.ഇ. ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച പുതിയ സന്ദര്‍ശക വിസ സമ്പ്രദായം രാജ്യത്തെ ടൂറിസം രംഗത്തിന് ഉണര്‍വേകും. ഒന്നിലധികം തവണ വന്നുപോകാനുള്ള വിസിറ്റ് വിസകള്‍ക്ക് 820 ദിര്‍ഹമാണ് പുതിയ നിരക്ക്. മുന്‍പ് ഇത്തരം വിസകളില്‍ ഒരു തവണ മാത്രം 1,270 ദിര്‍ഹം നിരക്ക് ഈടാക്കുകയും ചെയ്തിരുന്നു. പുതിയ നിരക്ക് പ്രകാരം ഒരു മാസത്തെ വിസിറ്റ് വിസയുടെ നിരക്ക് (പേഴ്‌സണല്‍) 450 ദിര്‍ഹമാണ്. മുന്‍പ് ഇത് 720 ദിര്‍ഹമായിരുന്നു.
വിവിധ എയര്‍ലൈന്‍ കമ്പനികളും ഹോട്ടലുകളും നല്കുന്ന എന്‍ട്രി പെര്‍മിറ്റുകള്‍ക്ക് വലിയ വര്‍ധനയില്ലെങ്കിലും സര്‍വീസ് ചാര്‍ജ് കൂടി ഈടാക്കുമ്പോള്‍ നിരക്ക് വര്‍ധിക്കും. എമിഗ്രേഷന്‍ ഓഫീസില്‍നിന്ന് നേരിട്ട് അപേക്ഷകര്‍ക്ക് തങ്ങളുടെ പാസ്‌പോര്‍ട്ടില്‍ പേര് രേഖപ്പെടുത്തിയ രക്തബന്ധത്തില്‍പ്പെട്ടവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് മാസം വരെ കാലാവധിയുള്ള വിസിറ്റ് വിസകള്‍ നല്‍കുന്നു. ഇത്തരം വിസകള്‍ക്ക് നിരക്ക് കുറഞ്ഞിട്ടുണ്ട്. ഒരു മാസം കാലാവധിയുള്ള ഇത്തരം വിസകള്‍ക്ക് മുന്‍പ് 700 ദിര്‍ഹം വേണ്ടിവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ടൈപ്പിങ് ചാര്‍ജടക്കം 400 ദിര്‍ഹത്തില്‍ കുറച്ച് മതി. മൂന്ന് മാസ കാലാവധിയുള്ള വിസിറ്റ് വിസകള്‍ക്ക് മുന്‍പ് 1,250 ദിര്‍ഹം വേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ 800 ദിര്‍ഹം മതിയാകും. ഇത്തരം വിസകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ കൂടെ 1,000 ദിര്‍ഹം തിരിച്ചുകിട്ടാവുന്ന ഡിപ്പോസിറ്റ്, രണ്ട് കിടക്കമുറികളോടുകൂടിയ അപേക്ഷകന്റെ പേരിലുള്ള വാടകക്കരാര്‍, 5,000 ദിര്‍ഹം രേഖപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. എന്നാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ വേണ്ടിയാണെങ്കില്‍ വരുമാനം 3,000 മതിയാകും.
സ്വകാര്യമേഖലയിലെ രണ്ട് വര്‍ഷ കാലാവധിയുള്ള തൊഴില്‍ വിസയ്ക്ക് 450 ദിര്‍ഹമാണ് പുതിയ നിരക്ക്. മുന്‍പ് ഇത് 300 ദിര്‍ഹമായിരുന്നു. ഇപ്പോള്‍ ഈ മേഖലയില്‍ തൊഴില്‍വിസകള്‍ പെട്ടെന്ന് കിട്ടാവുന്ന തരത്തില്‍ \'അര്‍ജെന്റ്‌റ്\' മാത്രമായി മാറ്റിയിട്ടുണ്ട്. അതുപോലെ മൂന്നുവര്‍ഷ കാലാവധിയുള്ള നിക്ഷേപകരുടെയോ പാര്‍ട്ണര്‍മാരുടെയോ വിസകള്‍ക്ക് ടൈപ്പിങ് ചാര്‍ജടക്കം 810 ദിര്‍ഹത്തോളം വരും. മുന്‍പ് ഇത് 420 ദിര്‍ഹം മതിയായിരുന്നു. എന്നാല്‍ ആശ്രിത വിസകള്‍ക്ക് (300 ദിര്‍ഹം) പഴയ നിരക്കില്‍ മാറ്റമില്ല.
https://www.facebook.com/Malayalivartha