മദീനയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് അഞ്ചു മരണം

പുണ്യനഗരിയിലെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒട്ടേറെ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
മദീനയിലെ നാഷണല്‍ ഗാര്‍ഡിനു കീഴിലുള്ള അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് ആശുപത്രിക്കു കീഴില്‍ ബിന്‍ലാദിന്‍ കമ്പനി സ്ഥാപിക്കുന്ന എല്‍.പി.ജി റിസര്‍വോയറിന്‍െറ നിര്‍മാണജോലികള്‍ക്കിടെ ഗ്യാസ് നിറച്ച ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വന്‍ തീപിടിത്തത്തിലാണ് അഞ്ചുപേര്‍ മരിച്ചത്. ആശുപത്രിയോടു ചേര്‍ന്ന അടച്ചിട്ട റിസര്‍വോയറില്‍ നിന്നു തീനാളങ്ങള്‍ ചുറ്റുപാടിലേക്കും പടര്‍ന്നു. സമീപത്തു നിര്‍ത്തിയിട്ടിരുന്ന ധാരാളം വാഹനങ്ങള്‍ കത്തിനശിച്ചു. മരിച്ചവര്‍ ഏതു നാട്ടുകാരാണെന്നോ അപകടകാരണം എന്തെന്നോ അറിയില്ല. ‘ഗാസ്കോ’ കമ്പനിയുടെ ഗ്യാസ് റിസര്‍വോയറിലെ
അറ്റകുറ്റപ്പണികള്‍ക്കിടെയാണ് അപകടമെന്നും പരിസരത്തുനിന്നു ആളുകളെ ഉടനടി നീക്കം ചെയ്തതിനാല്‍ കൂടുതല്‍ ദുരന്തമൊഴിവാക്കാനായെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ 9.15ഓടെയാണ് റിസര്‍വോയറിലെ ടാങ്കര്‍ പൊട്ടിത്തെറിച്ചത്. സിവില്‍ ഡിഫന്‍സും സുരക്ഷാസേനയും പ്രദേശം വളഞ്ഞു മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലേക്ക് തീപടരാതെ സൂക്ഷിക്കാനും രോഗികളെയും മറ്റും ദുരന്തത്തില്‍ പെടാതെ രക്ഷിക്കാനും കഴിഞ്ഞു. ആശുപത്രി പ്രവര്‍ത്തനം സാധാരണ പോലെ മുടക്കമില്ലാതെ നടന്നു. അപകടകാരണം അന്വേഷിച്ചുവരുന്നതായി വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha