യുവാവിനും സുഹൃത്തുക്കള്‍ക്കും 'റോയല്‍ കരീബിയനിലൂടെ' കപ്പല്‍ യാത്രയ്ക്ക് ആജീവനാന്ത വിലക്ക് നേടിക്കൊടുത്ത ചാട്ടം!
യാത്രക്കപ്പലിന്റെ 11-ാം നിലയില്‍ നിന്നും കടലിലേക്ക് ചാടിയ ഇരുപത്തിയേഴുകാരനും സുഹൃത്തുക്കള്‍ക്കും ഈ കപ്പലില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും ആജീവനാന്ത വിലക്ക്. വാഷിംഗ്ടണ്‍ സ്വദേശിയായ നിക്കോളെ നയ്ദേവാണ് ബഹാമാസിലെ നസാവുവില്‍ നങ്കൂരമിട്ട റോയല്‍ കരീബിയന്‍ ക്രൂയിസ് കപ്പലില്‍ നിന്നും കടലിലേക്കു ചാടിയത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവയ്ച്ച് വൈറല്‍ ആക്കുവാനായിരുന്നു നിക്കോള ഈ സാഹസം ചെയ്തത്.
ദൃശ്യം പകര്‍ത്തിയത് നിക്കോളെയുടെ സുഹൃത്തുക്കളാണ്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട കപ്പലിന്റെ അധികൃതര്‍ തുടര്‍ന്ന് യാത്ര ചെയ്യുന്നതില്‍ നിന്നും നിക്കോളയെയും സുഹൃത്തുക്കളെയും വിലക്കുകയായിരുന്നു.
കടലിലേക്കു ചാടിയതിനു ശേഷം കപ്പലിലേക്ക് തിരികെ കയറുവാന്‍ പോലും അധികൃതര്‍ നിക്കോളയെ അനുവദിച്ചിരുന്നില്ല. മാത്രമല്ല തിരികെ വീട്ടിലേക്കു മടങ്ങുവാന്‍ നിങ്ങളുടേതായ മാര്‍ഗം സ്വീകരിച്ചുകൊള്ളാനും അധികൃതര്‍ നിക്കോളയെയും സുഹൃത്തുക്കളെയും അറിയിച്ചു.
സംഭവം നടന്നതിന്റെ തലേദിവസം രാത്രി താന്‍ നന്നായി മദ്യപിച്ചിരുന്നുവെന്നും ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കപ്പലില്‍ നിന്നും കടലിലേക്ക് ചാടുവാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് നിക്കോളെ നല്കിയ വിശദീകരണം. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. നിക്കോളയെ വിഡ്ഢി എന്നാണ് ഭൂരിഭാഗമാളുകളും വിശേഷിപ്പിക്കുന്നത്. നിക്കോളെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുവാനൊരുങ്ങുകയാണ് റോയല്‍ കരീബിയന്‍ ക്രൂയിസ് കപ്പലിന്റെ അധികൃതര്‍.
https://www.facebook.com/Malayalivartha