2000 പ്ലാസ്റ്റിക് കുപ്പികള്‍ നദിയില്‍ നിന്നും നീക്കിയ ഒരു നായ

പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതിയെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്നവരുമെല്ലാം നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ ഇവരുടെ വാക്കുകളിലുള്ള ധാരാളിത്തം പ്രവൃത്തിയില്‍ കാണാറില്ലെന്നു മാത്രം. എന്നാല്‍ ചൈനയിലെ ഒരു മിടുക്കന്‍ നായ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തനാവുകയാണ് . ഗോള്‍ഡന്‍ റിട്രീവര്‍ ഗണത്തില്‍പെട്ട ഈ നായയാണ് കഴിഞ്ഞ പത്തുവര്‍ഷമായി നദിയില്‍ ആളുകള്‍ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍ നീക്കംചെയ്ത് നദിയെ മാലിന്യവിമുക്തമായി സൂക്ഷിക്കുന്നത്.
ചൈനയിലെ ജീയാങ്ഷു പ്രവിശ്യയിലുള്ള സുഷൗ നദിയില്‍ വലിച്ചെറിയുന്ന പാഴ് വസ്തുക്കളാണ് വര്‍ഷങ്ങളായി ഈ മിടുക്കന്‍ നായ നീക്കം ചെയ്യുന്നത്.നദിയില്‍ നിന്ന് ഏകദേശം രണ്ടായിരത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ ഇതുവരെ നായ നീക്കം ചെയ്തിട്ടുണ്ട്. ദിവസം 30-40 കുപ്പികള്‍ വരെ നായ നദിയില്‍ നിന്നും നീക്കംചെയ്യാറുണ്ട്. നദിയിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങള്‍ നീന്തിച്ചെന്ന് കടിച്ചെടുത്ത് കരയിലേക്കു കൊണ്ടുവരികയാണ് പതിവ്. നായയുടെ ഉടമയാണ് നദിയിലെ മാലിന്യങ്ങള്‍ നീക്കാനുള്ള പരിശീലനം ഇതിനു നല്‍കിയത്.
മനുഷ്യര്‍ പോലും പ്രകൃതി സംരക്ഷണം വാക്കുകളില്‍ ഒതുക്കുമ്പോള്‍ നദിയില്‍ നിന്നും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പിയുമായി നീന്തിക്കയറുന്ന ഈ നായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. പീപ്പിള്‍സ് ഡെയ്‌ലി ട്വീറ്റ് ചെയ്ത നായയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ആയിരക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു. നൂറുകണക്കിനാളുകള്‍ നായയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. നായയുടെ ട്വീറ്റു ചെയ്ത ചിത്രങ്ങള്‍ കണ്ട് മിടുക്കനായ പൊതുസേവകന്‍ എന്നുവരെ നായയെ വിശേഷിപ്പിച്ചവരുണ്ട് . ചൈനയിലെ ഈ യഥാര്‍ത്ഥ പരിസ്ഥിതി സേവകനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍.
https://www.facebook.com/Malayalivartha