വിഷപാമ്പിനെ കൈയ്യില്‍ പിടിച്ച് സുവിശേഷപ്രസംഗം നടത്തിയ പാസ്റ്റര്‍ക്ക് പാമ്പ് കടിയേറ്റു, അപ്പോഴും ചികിത്സ തേടാതെ ദൈവം രക്ഷിക്കുമെന്ന വിശ്വാസത്തില്‍ പ്രസംഗം തുടര്‍ന്നു, ഒടുവില്‍ വിഷംതീണ്ടി ബോധം പോയ പാസ്റ്റര്‍ ആശുപത്രിയില്‍
അമേരിക്കയില്‍ വിഷപാമ്പിനെ കൈയ്യില്‍ എടുത്ത് പിടിച്ച് പ്രസംഗം നടത്തിയ പാസ്റ്ററിന് കടിയേറ്റു. വിഷപാമ്പിന്റെ കടിയേറ്റിട്ടും പ്രാര്‍ത്ഥന തുടരുകയാണ് കോഡി കൂഡ്സ് എന്ന പാസ്റ്റര്‍ ചെയ്തത്. ഒടുവില്‍ കുഴഞ്ഞ് വീഴാറായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റിട്ടും ആശുപത്രിയില്‍ പോകേണ്ടെന്നും ദൈവത്തില്‍ തനിക്ക് വിശ്വാസമുണ്ട് തന്നെ രക്ഷിക്കുമെന്നും കോഡി പറഞ്ഞുകൊണ്ടിരുന്നു.
ഒടുവില്‍ കോഡിയുടെ സുഹൃത്ത് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാത്രമല്ല തന്നെ ഉയരമുള്ള മലയില്‍ കൊണ്ട് പോകണമെന്നും അവിടെ വെച്ച് ദൈവം തീരുമാനിക്കും താന്‍ ജീവിക്കണോ മരിക്കണോ എന്നും കോഡി പറഞ്ഞു.
എന്നാല്‍ കോഡിയുടെ സുഹൃത്ത് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ കോഡിയെ രക്ഷിക്കാനാകില്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2014-ല്‍ കോഡിയുടെ പിതാവ് ജാമി പാമ്പ് കടിയേറ്റ് മരിക്കുകയായിരുന്നു. അന്നും ഈ രീതിയില്‍ കൈയ്യില്‍ പാമ്പുമായി നടത്തിയ പ്രാര്‍ത്ഥനയിലാണ് ജാമിക്ക് പാമ്പ് കടിയേറ്റത്.
പാസ്റ്ററിന്റെ പ്രാര്‍ത്ഥന ഒരു ഡോക്യുമെന്ററിക്ക് വേണ്ടി ചിത്രീകരിക്കുമ്പോഴാണ് സംഭവം. കോഡി കൈകളില്‍ പാമ്പുമായി നില്ക്കുന്നതും ഇയാളുടെ ചെവിക്ക് കടിയേറ്റ് ചോരവരുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് കോഡി വിയര്‍ക്കുന്നതും കുഴഞ്ഞ് വീഴാറാകുന്നതും സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ തോളിലിട്ട് പോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ എന്ത് കുടിച്ചാലും അവര്‍ക്ക് ഹാനി വരികയില്ല; (മാര്‍ക്കോസ് 16:18) എന്ന ബൈബിളിലെ വാക്കുകളുടെ വിശ്വാസത്തിലാണ് കോഡി വിഷപാമ്പിനെ കൈയ്യിലെടുത്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇതിലെ വിശ്വാസത്തില്‍ തന്നെയാണ് പാമ്പിന്റെ കടിയേറ്റിട്ടും ആശുപത്രിയില്‍ പോകാന്‍ പോലും കോഡി കൂട്ടാക്കാഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു. 2014-ല്‍ പിതാവ് മരിച്ചതിന് ശേഷം തന്റെ 23-ാം വയസിലാണ് കോഡി ഇത്തരത്തില്‍ സുവിശേഷ പ്രഭാഷണത്തിന് ഇറങ്ങുന്നത്.
2015-ല്‍ 60-കാരനായ ഡേവിഡ് ബ്രോക്ക് പെന്തകോസ്തല്‍ പള്ളിയില്‍ വെച്ച് ഇത്തരത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇത്തരത്തില്‍ തന്നെ 2012-ല്‍ 44-കാരനായ മാക്ക് റാന്ഡലും പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha