മൂക്കില്‍ കൂടി ശ്വസിക്കാനുള്ള ബുദ്ധിമുട്ട് മാറ്റാന്‍ യുവാവ് തലയില്‍ കത്തി കുത്തിയിറക്കി!
റഷ്യയിലെ റോസ്റ്റോവ് റീജിയണിലെ ഡണ്ടെസ്ക്ക് എന്ന സ്ഥലത്തുള്ള ഒരു യുവാവ്, തന്റെ ശ്വാസതടസ്സം നീക്കം ചെയ്യാന്‍ സ്വന്തം തലയിലേക്ക് കത്തി കുത്തിയിറക്കി! തലയോട്ടിയിലേക്ക് ഏകദേശം എട്ട് ഇഞ്ച് നീളത്തിലാണ് കത്തി താഴ്ന്നിറങ്ങിയത്.
അദ്ദേഹത്തെ പോലീസ് കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മൂക്കില്‍ കൂടി ശ്വസിക്കുവാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും തലയില്‍ കത്തികൊണ്ട് കുത്തുമ്പോള്‍ മറ്റൊരു തുള ഉണ്ടാകുന്നതിനാല്‍ അതുവഴി തനിക്ക് സുഗമമായി ശ്വസിക്കുവാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ കത്തി തലയില്‍ കുത്തിയിറക്കിയതിനു ശേഷം ഊരാന്‍ നോക്കിയെങ്കിലും അതിനു സാധിച്ചില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. കത്തി എട്ടിഞ്ചോളം ആഴത്തില്‍ തലയോട്ടിയില്‍ പ്രവേശിച്ചുവെങ്കിലും അദ്ദേഹത്തിന് യാതൊരുവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടെത്താനായില്ലെന്ന് പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ ഈ കത്തി പുറത്തെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം ഇപ്രകാരം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ജീവന് വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
തലയില്‍ തറച്ചിരിക്കുന്ന കത്തിയുമായി അദ്ദേഹം നിലത്തിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്. ഈ നാല്പ്പത്തിയൊന്നുകാരന് ഡണ്ടെസ്ക്കിലെ ഒരു ഫാക്ടറി ജീവനക്കാരനാണ്.
https://www.facebook.com/Malayalivartha