ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ വാരിയെടുത്ത് താലോലിച്ച് കനിവുള്ള കളക്ടര്‍!
ജില്ലാ ആശുപത്രിയിലെ ട്രോളിയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ സന്ദര്‍ശിക്കാനെത്തിയ ജില്ലാ കളക്ടര്‍ കെ.ജീവന് ബാബു കുട്ടിയെ വാരി പുണര്‍ന്ന് താലോലിച്ചു. ആശുപത്രിക്കുള്ളിലെ ഫാര്‍മസിക്കു സമീപം കഴിഞ്ഞ നാലിന് രാവിലെ ഏഴിനാണ് ട്രോളിയില്‍ മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിന് ആകാശ് എന്ന് പേരു നല്കിയ ജില്ലാ ആശുപത്രി അധികൃതര്‍ ശിശുവിന് പ്രത്യേക പരിചരണമാണ് നല്കിവന്നിരുന്നത്. കുഞ്ഞിന്റെ ആരോഗ്യ നില സംബന്ധിച്ചും ഭക്ഷണം നല്കുന്നതു സംബന്ധിച്ചും കളക്ടര്‍ ആശുപത്രി ജീവനക്കാരോട് വിശദമായി ചോദിച്ച് മനസിലാക്കി.3.100 കിലോ തൂക്കമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി സൂപ്രണ്ട് ആര്. മണികണ്ഠന് പറഞ്ഞു.
ആശുപത്രി ജീവനക്കാരുടെ ലാളനകള്‍ ഏറ്റുവാങ്ങിയും പരിചരണം ലഭിച്ചും രണ്ടു ദിവസം കഴിഞ്ഞ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ശിശുക്ഷേമ സമിതി അംഗം പ്രിന്റോയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടില്‍ നിന്നും കുട്ടിയ ഏറ്റെടുത്ത് തൊടുപുഴ ജില്ലാ ഓഫീസിലെത്തിച്ചു. ഇവിടെ നിന്നും ആകാശിനെ തൊടുപുഴയിലുള്ള സേവ്യേഴ്സ് ഹോമിലേക്ക് മാറ്റി.
ജില്ലാ ശിശു ക്ഷേമസമിതിക്ക് ലഭിക്കുന്ന അഞ്ചാമത്തെ നവജാത ശിശുവാണ് ആകാശ്. മൂന്ന് കുഞ്ഞുങ്ങളെ ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ചു. ഒരുകുട്ടിയെ മാതാപിതാക്കള്‍ നേരിട്ട് നല്കി.
https://www.facebook.com/Malayalivartha