അക്ഷരലക്ഷം മൂന്നാം ക്ലാസ് തുല്യതാ പരീക്ഷയിലെ വിജയി കാര്‍ത്യായനിയമ്മ തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ ആദ്യ ആകാശയാത്രയ്ക്ക്!
ആകാശത്തോളം ഉയരമുള്ള നേട്ടം സ്വന്തമാക്കിയ കാര്‍ത്യായനിയമ്മ തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ ആദ്യ ആകാശയാത്രയ്ക്ക് ഒരുങ്ങുകയാണ്.
അക്ഷരലക്ഷം മൂന്നാം ക്ലാസ് തുല്യതാ പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ച കാര്‍ത്യായനിയമ്മ ഞായറാഴ്ച രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്നും നാരീശക്തി പുരസ്കാരം സ്വീകരിക്കും. ഈ പ്രായത്തില്‍ ഇനിയെന്ത് അക്ഷരം എന്നു ചിന്തിച്ചിരിക്കാതെ പുസ്തകം കയ്യിലെടുത്ത ആവേശത്തിനുള്ള ആദരമായി അത്.
കൊല്ലം കലക്ടര്‍ വഴിയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നിന്നുള്ള അറിയിപ്പ് എത്തിയത്. കാര്‍ത്യായനിയമ്മയെയും കൊല്ലം സ്വദേശി ഭാഗീരഥിയമ്മയെയും പുരസ്കാരത്തിനു പരിഗണിക്കുന്നുണ്ടെന്നും വിവരങ്ങള്‍ അറിയിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ പ്രായത്തില്‍ റാങ്കോടെ പരീക്ഷ ജയിക്കാമെങ്കില്‍ പിന്നെ ഡല്‍ഹി വരെ പോകാനാണോ പ്രയാസം എന്ന മട്ടിലാണു കാര്‍ത്യായനിയമ്മ.
പുരസ്കാരം സ്വീകരിക്കാന്‍ ഇവര്‍ എത്തുന്നില്ലെങ്കിലോ പരിഗണിക്കുന്നതിന് എന്തെങ്കിലും എതിരഭിപ്രായമണ്ടെങ്കിലോ അറിയിക്കണം. ഇല്ലെങ്കില്‍ അവര്‍ എത്തുമെന്ന് ഉറപ്പിക്കും. പുരസ്കാരം സമ്മാനിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തും എന്നായിരുന്നു കലക്ടര്‍ക്കു ലഭിച്ച അറിയിപ്പില്‍ ഉണ്ടായിരുന്നത്. 105 വയസ്സുള്ള ഭാഗീരഥിയമ്മ പോകുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ട്. എന്നാല്‍ കാര്‍ത്യായനിയമ്മയുടെ യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ജില്ലാ അധികൃതര്‍ ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തു നിന്നു ശനിയാഴ്ചയാണു യാത്ര. തിങ്കളാഴ്ച തിരിച്ചെത്തും. കാര്‍ത്യായനിയമ്മയുടെ ചില ബന്ധുക്കളും അധ്യാപിക സതിയും ഒപ്പം പോകും.
മൂന്നാം ക്ലാസിനു തുല്യമായ അക്ഷരലക്ഷം പരീക്ഷയിലായിരുന്നു കാര്‍ത്യായനിയമ്മയുടെ മിന്നുന്ന പ്രകടനം. കണക്കിനു മാത്രം 2 മാര്‍ക്ക് നഷ്ടമായി. സാക്ഷരതാ സര്‍വേയ്ക്കിടയില്‍ സതിയോടു പഠിക്കാനുള്ള തന്റെ ആഗ്രഹം കാര്‍ത്യായനിയമ്മ പങ്കുവച്ചിരുന്നു. കാര്‍ത്യായനിയമ്മയുടെ വീട്ടില്‍ തന്നെ ക്ലാസ് മുറിയൊരുക്കി. 8 മാസം കൊണ്ടു വായിക്കാന്‍ പഠിച്ചു.
പരീക്ഷക്കാലത്ത് പുലര്‍ച്ചെ മൂന്നിനും നാലിനും ഉണര്‍ന്നു പഠനം തുടങ്ങിയിരുന്നു. കണ്ണടയില്ലാതെയും വായിക്കാം. നൂറാം വയസ്സില്‍ പത്താം ക്ലാസ് ജയിക്കണമെന്നാണ് കാര്‍ത്യായനിയമ്മയുടെ ആഗ്രഹം. നാലാം ക്ലാസിലെ പഠിത്തം തുടങ്ങിയിട്ടുണ്ട്. ക്ലാസില്‍ വൈകിയെത്തിയ മറ്റൊരാള്‍ കൂടിയുണ്ട് കാര്‍ത്യായനിയമ്മയുടെ വീട്ടില്‍. മകള്‍ അമ്മിണിയമ്മ. അവര്‍ 60-ാം വയസ്സില്‍ പത്താം ക്ലാസ് ജയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha