മദ്യാസക്തിക്ക് മദ്യം നിര്‍ദ്ദേശിച്ച് കുറിപ്പടി! വൈകിട്ട് മൂന്ന് തവണ 60 മില്ലിലിറ്റര്‍ മദ്യം സോഡ ചേര്‍ത്ത് നിലക്കടലയും കൂട്ടി കുശാൽ... ഡോക്ടറുടെ തമാശ കാര്യമായി, ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്...
മദ്യം നിര്‍ദ്ദേശിച്ച ഡോക്ടറുടെ കുറിപ്പടി വൈറലായതിന് പിന്നാലെ സംഭവത്തില്‍ കേസെടുക്കണമെന്ന് എക്സൈസിന്റെ നിര്‍ദേശം. കുറിപ്പടി വാട്സാപ്പില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.
കൊച്ചി പറവൂരിലെ ഡോക്ടര്‍ എം.ഡി രഞ്ജിത്താണ് മദ്യാസക്തിക്ക് മദ്യം നിര്‍ദ്ദേശിച്ച കുറിപ്പടി പങ്കുവച്ചത്. എന്നാല്‍ തമാശയ്ക്ക് ചെയ്തതാണെന്നും അങ്ങനെ ഒരു രോഗി വരികയൊ കുറിപ്പടി നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്കുന്ന കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രഞ്ജിത്ത് കുറിപ്പടിയെഴുതിയത്.
ഇത് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. വൈകിട്ട് മൂന്ന് തവണ 60 മില്ലിലിറ്റര്‍ മദ്യം സോഡ ചേര്‍ത്ത് നിലക്കടലയും കൂട്ടി കഴിക്കാമെന്നായിരുന്നു കുറിപ്പടിയില്‍ എഴുതിയിരുന്നത്.
48കാരനായ പുരുഷോത്തമന് എന്നയാള്‍ക്ക് മദ്യം നല്‍കാനായിരുന്നു കുറിപ്പടി. എന്നാല്‍ എക്സൈസ് അന്വേഷണം ആരംഭിച്ചതോടെ മദ്യത്തിന് കുറിപ്പടിയെഴുതി നല്‍കിയത് തമാശയ്ക്കാണെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. ആയൂര്‍വ്വേദ ഡോക്ടറാണ് രഞ്ജിത്ത്. സംഭവത്തില്‍ ഡോക്ടര്‍ ഖേദം പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha