വീട്ടില്‍ വൈദ്യുതിയില്ലെന്ന് മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു... ഇനി തടസ്സമില്ലാതെ വിക്ടേഴ്സ് കാണാം!
പെരിയ ചെര്‍ക്കാപ്പാറയിലെ പുറമ്പോക്കു ഭൂമിയിലെ ഒറ്റമുറിക്കുടിലിലെ താമസക്കാരായ ഫാസിലയും മക്കളായ അഫ്രീനയും ലാഫിയയും ഇന്നലെ വരെ ആശങ്കയിലായിരുന്നു. മുന്‍പ് ഫാസിലയും മക്കളും താമസിച്ചിരുന്ന കാഞ്ഞങ്ങാട് ആവിക്കരയില്‍ നിന്നും ചെര്‍ക്കാപ്പാറയിലെ പുറമ്പോക്കു ഭൂമിയിലെത്തിയത് ജീവിതത്തെ വിടാതെ പിന്തുടരുന്ന ദുരിതങ്ങള്‍ക്കൊരു അറുതി ഉണ്ടായെങ്കിലോ എന്ന പ്രതീക്ഷയിലായിരുന്നു.
ഫാസിലയെ ഭര്‍ത്താവ് അഷ്റഫ് എട്ടു വര്‍ഷം മുന്‍പേ ഉപേക്ഷിച്ചുപോയി. കാഞ്ഞങ്ങാട്ടെ വസ്ത്രാലയത്തില്‍ ജോലിചെയ്താണു ഫാസില കുടുംബം പോറ്റിയിരുന്നത്. കോവിഡ് ഫാസിലയുടെ ജോലി ഇല്ലാതാക്കിയതിനു പുറമേ നവീകരണത്തിന്റെ പേരില്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നു ഉടമ ഇവരെ ഒഴിപ്പിക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ മുഖേന ചെര്ക്കാപ്പാറയിലെത്തി ഇവിടെ പുറമ്പോക്കിലുള്ള പത്തോളം കുടിലുകള്‍ക്കൊപ്പം ഫാസിലയും ഒരു കുടില്‍കെട്ടി.
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മക്കളായ അഫ്രീനയും ലാഫിയയും പഠിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിന്റെ രണ്ടാം ഘട്ടം തുടങ്ങുമെന്നറിഞ്ഞപ്പോള്‍ കുടുംബം ആശങ്കയിലായി. മൊബൈല്‍ ഫോണിനു ഇവിടെ റേഞ്ചില്ല. വൈദ്യുതിയില്ലാത്തതിനാല്‍ ടെലിവിഷന്റെ കാര്യം ഇവരുടെ ആലോചനയില്പ്പോലുമുണ്ടായിരുന്നില്ല.
അപ്പോഴാണ് ക്ലാസ് അധ്യാപിക പ്രിന്‍സി വീട്ടില്‍ വൈദ്യുതിയില്ലാത്ത കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ഇക്കഴിഞ്ഞ 5-ാം തീയതി അഫ്രീനയെക്കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിച്ചു. ഉടന്‍ തന്നെ തുടര്‍നടപടിക്കായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ജില്ലയിലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കു വിളിയെത്തി. ഇന്നലെ തന്നെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി. വയറിങ് നടത്താന്‍ നിര്‍ദേശിച്ചു. ഫാസിലയും തൊട്ടടുത്ത രണ്ടു വീട്ടുകാരും വീടുകളില്‍ വയറിങ് ജോലികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കി. ജീവനക്കാരെത്തി ഇന്നു പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ മൂന്നു വീടുകളിലും ഇന്നു തന്നെ വൈദ്യുതി ലഭിക്കും.
ഇവിടെയുള്ള വീടുകളിലെ മുഴുവന്‍ കുട്ടികളുടെയും പഠനത്തിന് സഹായകമാകാന്‍ വൈദ്യുതി സൗകര്യമുള്ള തൊട്ടടുത്ത അങ്കണവാടിയില്‍ ടെലിവിഷന്‍ സൗകര്യമൊരുക്കുമെന്ന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍ അറിയിച്ചു. കുട്ടികളുടെ ദുരിത കഥയറിഞ്ഞ് സംസ്ഥാന യുവജന കമ്മിഷന് അംഗം കെ.മണികണ്ഠനും സ്ഥലത്തെത്തി.
ഇവിടെ വൈദ്യുതിയില്ലാത്ത മറ്റുകുടിലുകളില് താമസിക്കുന്ന കല്ലിങ്കാല്‍ സ്കൂളിലെ ഏഴാം ക്ലാസുകാരന് ജവാദ്, രണ്ടാം ക്ലാസുകാരന് അനസ്, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി റമീന ഷിഫ ഒമ്പതാം ക്ലാസുകാരന് ഫൈസല്‍, ഏഴാം ക്ലാസുകാരി നുഹൈന തസ്മി, ഫാറൂഫ്, ഹാജിറ, അന്‍ഷാദ് എന്നീ വിദ്യാര്‍ഥികള്‍ക്കും ഇനി വിക്ടേഴ്സ് ചാനല്‍ കാണാം.
https://www.facebook.com/Malayalivartha