അവസാനം ജിസില്‍ മാത്യു ഹൈക്കോടതിയില്‍ ഹാജരായി; ഭര്‍ത്താവിനൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ പോകാന്‍ താല്പര്യമില്ല
കൊച്ചിയില്‍ ഇന്റര്‍വ്യൂവിനെത്തിയ യുവതിയെ കാണാനില്ലെന്ന വാര്‍ത്ത ഏറെ ചര്‍ച്ചചെയ്തിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജിസില്‍ മാത്യു അവസാനം ഹൈക്കോടതിയില്‍ ഹാജരായി. ഭര്‍ത്താവിനൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ പോകാന്‍ താല്പര്യമില്ലെന്നു ജിസില്‍ മാത്യു കോടതിയെ അറിയിച്ചു.
കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ഇന്റര്‍വ്യൂവിന് പോകുന്നുവെന്ന് പറഞ്ഞ് പോയ ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് ജോബിന് ജോണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിഷയം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായത്. ജിസിലിന്റെ സഹോദരനും തന്റെ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതോടെ ചിത്രങ്ങള്‍ സഹിതമുള്ള ഈ പോസ്റ്റ് വൈറലാകുകയും ചെയ്തു. ഇതിനിടെ പൊലീസ് അന്വേഷണം നടന്നെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല.
ഒടുവില്‍ ജിസിലിന്റെ ഭാര്‍ത്താവ് ജോബിന് ജോണ്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതോടെ ചെന്നൈയില്‍ ഇവരുണ്ടെന്ന വിവരം ലഭിച്ചിരുന്നു.
ഭര്‍തൃവീട്ടില്‍ നിന്നും പിണങ്ങി ഒളിച്ചോടി പോയെന്നാണ് വിവരം. താന്‍ ആരുടെയും പ്രേരണയില്ലാതെ, സ്വയം ഭര്‍ത്തൃഗൃഹം വിടുകയായിരുന്നെന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ നടപടികള്‍ക്കിടെ ജിസില്‍ കോടതിയെ അറിയിച്ചിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും ജിസില്‍ വ്യക്തമാക്കി. ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം നല്കിയാല് കോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്നു ജിസില്‍ കോടതിയിലെത്തിയത്.
മാര്‍ച്ച് 5ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന താന്‍ ചെന്നൈയില്‍ പേയിങ് ഗസ്റ്റ് ആയി താമസിച്ച് ജോലിക്ക് ശ്രമിക്കുകയാണെന്നും ജിസില്‍ അറിയിച്ചു. തനിക്കു താല്പര്യമില്ലാതെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു വിവാഹം നടത്തിയതാണെന്നും പിതാവോ ഭര്‍ത്താവോ തന്റെ ആഗ്രഹങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും യുവതി ആരോപിച്ചു.
വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് ജോബിന് ജോണിയുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്നാണ് ജിസില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയത്.
ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വം കല്യാണം നടത്തുകയായിരുന്നു. വിവാഹശേഷം ഭര്‍തൃവീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അതിനാലാണ് അവസരമുണ്ടാക്കി ഭര്‍തൃഗൃഹം വിട്ടു മാറിത്താമസിക്കുന്നത്. വിദ്യാസമ്പന്നയായ താന്‍ ഇപ്പോള്‍ ജോലി അന്വേഷിക്കുകയാണ്. വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമില്ല. ജീവനും സ്വത്തിനും സംരക്ഷണം കോടതി നല്‍കണം എന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
ജനുവരി 26നായിരുന്നു ജിസില്‍ മാത്യുവിന്റെ വിവാഹം. വിവാഹത്തിനു ശേഷം ഭര്‍ത്താവ് ജോബിന് ജോണുമൊത്ത് വാഴക്കാലയിലുള്ള അപ്പാര്‍ട്മെന്റില്‍ താമസിച്ചു വരികയായിരുന്നു. ബംഗളൂരുവില്‍ ഒരു സ്വകാര്യബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്ന ഇവര്‍ വിവാഹത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചിരുന്നു.
കഴിഞ്ഞ അഞ്ചാം തിയതി ജോലി അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇന്‍ഫോപാര്‍ക്കില്‍ എത്തിയത്. ഭര്‍ത്താവ് ജോബിന് ജോണിനൊപ്പം ഇന്‍ഫോപാര്‍ക്കിലെത്തിയ ഇവര്‍ ഇന്റര്‍വ്യൂവിനായി അകത്തേക്ക് കയറി പോയി. എന്നാല്‍, സമയം കുറെ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. ജിസിലിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha