നടക്കാനിരിക്കുന്ന 50 വിവാഹങ്ങളുടെ സദ്യ ഈ വയോധിക ദമ്പതികള്‍ കെങ്കേമമാക്കും!

ചിറ്റൂര്‍ നല്ലേപ്പിള്ളി തെക്കേദേശം പാറക്കല്‍ ലക്ഷ്മി വീട്ടില്‍ രാഘവനും (81) തങ്കമണി രാഘവനും(72) നാട്ടുകാരേയും ബന്ധുക്കളേയും പരിചയക്കാരേയും ഒക്കെ ഒട്ടേറെപ്പേരെ വിളിച്ചുകൂട്ടി പേരക്കുട്ടിയുടെ വിവാഹം നടത്തണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ വിവാഹം ലളിതമാക്കേണ്ടി വന്നതോടെ വിവാഹത്തിനു മാറ്റിവച്ച തുക മറ്റുള്ളവര്‍ക്കു കൂടി പ്രയോജനകരമാക്കാന്‍ തീരുമാനിച്ചിരിക്കയാണ് ഈ വയോധിക ദമ്പതികള്‍.
ഇന്നലെയായിരുന്നു ആര്‍.ജയകൃഷ്ണന്റെ മകളും രാഘവന്റെ പേരക്കുട്ടിയുമായ ഡോ.മീരയും പാലക്കാട് ചന്ദ്രനഗര്‍ കലാധരന്റെ മകന്‍ ദര്‍ശനും തമ്മിലുള്ള വിവാഹം. പേരക്കുട്ടിയുടെ വിവാഹച്ചെലവിനു മാറ്റിവച്ച മൂന്നേമുക്കാല്‍ ലക്ഷം രൂപ നിര്‍ധനരുടെ വിവാഹസദ്യയുടെ ചെലവിനായി നല്‍കാനായിരുന്നു തീരുമാനം. ഈ വിവാഹദിവസം തന്നെ നടക്കുന്ന മറ്റു വിവാഹങ്ങളില്‍ ഭക്ഷണം നല്‍കാനായിരുന്നു ഉദ്ദേശിച്ചത്.
എന്നാല്‍ 50 വിവാഹങ്ങള്‍ കണ്ടെത്താനായില്ല. ഇതോടെയാണു നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ കണ്ടെത്തി ഭക്ഷണമെത്തിക്കാന്‍ വ്യാപാരിയായ അനീഷ്‌കുമാറിനെ സമീപിച്ചത്. തുക വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂര്‍ യൂണിറ്റ് പ്രസിഡന്റ് പി.അനീഷ്‌കുമാറിനെയും കുടുംബസുഹൃത്തായ ജിജിന്‍ കുമാറിനെയും ഏല്‍പിച്ചു.
വിവാഹ ചടങ്ങുകള്‍ക്ക് കോവിഡ് മാനദണ്ഡപ്രകാരം 50 പേര്‍ക്കേ പങ്കെടുക്കാവൂ എന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതു കണക്കിലെടുത്താണ് ഓരോ വിവാഹത്തിനും 50 പേര്‍ക്കുള്ള സദ്യയുടെ ചെലവ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഒരു സദ്യയ്ക്ക് 150 രൂപ പ്രകാരം ഒരു വിവാഹത്തിന് 7500 രൂപയാണ് നല്‍കുക. വിവാഹം നടക്കാനിരിക്കുന്ന നിര്‍ധനരെ കണ്ടെത്തി കേറ്ററിങ് സൗകര്യം എത്തിക്കുമെന്ന് മുത്തച്ഛന്‍ രാഘവന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























